ചെന്നൈ: നവജാതശിശുവിന്റെ പൊക്കിൾക്കൊടി മുറിക്കുകയും വീഡിയോ ദൃശ്യങ്ങൾ യൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ മാപ്പ് പറഞ്ഞ് തമിഴ് യൂട്യൂബർ ഇർഫാൻ. ദുരുദ്ദേശ്യത്തോടെ ചെയ്ത പ്രവൃത്തിയല്ലെന്നും സംസ്ഥാനത്തെ മെഡിക്കൽ നിയമങ്ങളെ താൻ ബഹുമാനിക്കുന്നുണ്ടെന്നും സഹായി വഴി ആരോഗ്യവകുപ്പിന് നൽകിയ വിശദീകരണക്കത്തിൽ ഇർഫാൻ വ്യക്തമാക്കി.
ഭാര്യ പ്രസവിച്ച ശേഷമുള്ള ദൃശ്യങ്ങളും കുഞ്ഞിന്റെ പൊക്കിൾക്കൊടി ഡോക്ടർമാരുടെ സമ്മതത്തോടെ മുറിക്കുന്നതിന്റെയും ദൃശ്യങ്ങൾ ഇർഫാൻ തന്റെ വിഡിയോ ചാനലിലൂടെ പുറത്തുവിട്ടതാണ് ഇർഫാനെ പുതിയ വിവാദത്തിലാക്കിയത്. പ്രസവത്തിനായി ഇർഫാന്റെ ഭാര്യ വീട്ടിൽ നിന്ന് പുറപ്പെടുന്നത് മുതൽ സ്വകാര്യ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിൽ കുഞ്ഞ് ജനിക്കുന്നത് വരെയുള്ള സംഭവങ്ങൾ 16 മിനിറ്റുള്ള വീഡിയോയായി യൂട്യൂബിൽ പങ്കുവച്ചിരുന്നു. ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ തമിഴ്നാട് ആരോഗ്യവകുപ്പ് ആശുപത്രി അധികൃതരോട് വിവരങ്ങൾ തേടി. നടപടിയെടുക്കുമെന്നും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് പറഞ്ഞ് തടിയൂരാനുള്ള ഇർഫാന്റെ ശ്രമം.
നേരത്തെ ദുബായിൽ വച്ച് ഗർഭസ്ഥ ശിശുവിന്റെ ലിംഗനിർണയം നടത്തി യൂട്യൂബിലൂടെ പരസ്യമാക്കിയ സംഭവത്തിലും ഇർഫാൻ വിവാദത്തിലായിരുന്നു. അന്നും മാപ്പപേക്ഷ നടത്തി വീഡിയോ നീക്കം ചെയ്ത് തടിയൂരുകയായിരുന്നു. 45 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള തമിഴ്നാട്ടുകാരനായ യൂട്യൂബറാണ് ഇർഫാൻ.















