പാലക്കാട്: സിപിഎമ്മിന്റെ സംസ്ഥാന നേതാവായ പി. ജയരാജന്റെ പുസ്തകത്തിലെ പരാമർശങ്ങൾ ആത്മാർത്ഥമാണെങ്കിൽ കേരളത്തിലെ ജനങ്ങളോട് പരസ്യമായി മാപ്പ് പറയാൻ സിപിഎം തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ. മഅദ്‌നിയുടെ പ്രസംഗങ്ങളും നിലപാടുകളും തീവ്രവാദ ആശയങ്ങൾ വളർത്തുന്നതായിരുന്നുവെന്ന പി ജയരാജന്റെ പുസ്തകത്തിലെ പരാമർശം ചർച്ചയായതിന് പിന്നാലെയാണ് കെ സുരേന്ദ്രൻ നിലപാട് വ്യക്തമാക്കിയത്.
കേരളത്തിൽ മൂന്ന് പതിറ്റാണ്ടിലധികമായി പിഡിപിയുമായും മഅദ്‌നിയുമായും നേരിട്ടും അല്ലാതെയും ബന്ധം പുലർത്തിയ പാർട്ടിയാണ് സിപിഎം. ഇത് പുസ്തകത്തിൽ പി ജയരാജൻ വിസ്മരിച്ചുവെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി. പാർട്ടി തെറ്റായ നിലപാടാണ് സ്വീകരിച്ചതെന്നും മുസ്ലീം വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന മതഭീകരവാദ ശക്തികളുമായി ഞങ്ങൾ സഖ്യം ചെയ്തിട്ടുണ്ടെന്ന വസ്തുത കേരളത്തിലെ ജനങ്ങളോട് തുറന്നുപറഞ്ഞ് മാപ്പ് പറയാൻ സിപിഎം തയ്യാറാകണം. അല്ലാതെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷ സമുദായം പാർട്ടിയിൽ നിന്ന് അകന്നുവെന്ന് മനസിലാക്കി അതിന്റെ ഭാഗമായി ഒരു അടവു നയം അവതരിപ്പിച്ചാൽ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ലെന്നും കെ സുരേന്ദ്രൻ തുറന്നുപറഞ്ഞു.
പി ജയരാജന്റെ നിലപാട് ആത്മാർത്ഥതയുളളതാണെങ്കിൽ ന്യൂനപക്ഷ വർഗീയതയുമായി സന്ധി ചെയ്തതിന്റെ പാപഭാരത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ സിപിഎമ്മിന് കഴിയില്ല. മഅദ്‌നി നിരപരാധിയാണെന്ന നിലപാടാണ് സിപിഎം എല്ലാക്കാലത്തും സ്വീകരിച്ചിട്ടുളളത്. അൻവാർശേരിയിൽ മഅദ്‌നി പങ്കെടുത്ത യോഗങ്ങളിലും പിണറായി വിജയനൊപ്പം പി ജയരാജൻ തന്നെ പങ്കെടുത്തിട്ടുണ്ട്. നിയമസഭയിൽ പ്രമേയം പാസാക്കാൻ മുൻകൈയ്യെടുത്തതും സിപിഎം ആണെന്ന് കെ സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.
ലോക്‌സഭയിലും നിയമസഭയിലും സിപിഎം മഅദ്‌നിയുമായി തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കി. മഅദ്‌നി ഐഎസ്എസ് തുടങ്ങിയപ്പോഴും പിന്നീട് പിഡിപിയായി മാറിയപ്പോഴും രാഷ്‌ട്രീയ അഭയവും കവചവും ആയി മാറിയത് സിപിഎം ആണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോൾ മുസ്ലീം ലീഗിനെ കടന്നാക്രമിക്കുകയും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ലീഗുമായി ചങ്ങാത്തം കൂടുകയും ചെയ്യുന്നതാണ് പിണറായി വിജയൻ എല്ലാ തെരഞ്ഞെടുപ്പിലും സ്വീകരിക്കുന്ന നയമെന്നും കെ സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.