തിരുവനന്തപുരം: പട്ടാപ്പകൽ വീട്ടിൽ കടന്നുകയറി പെൺകുട്ടിയെ പീഡിപ്പിച്ചു. തിരുവനന്തപുരം മംഗലപുരത്താണ് സംഭവം. വീടിനുള്ളിൽ അതിക്രമിച്ച് കയറിയ അക്രമികൾ പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് റിപ്പോർട്ട്. കേബിൾ ജോലിക്ക് എത്തിയവരാണ് ആക്രമണം നടത്തിയത്. ശനിയാഴ്ച ഉച്ചയ്‌ക്കായിരുന്നു സംഭവം. പെൺകുട്ടിയുടെ വായിൽ തുണി തിരുകിയ ശേഷം പീഡിപ്പിക്കുകയായിരുന്നു.
20-കാരിയാണ് ആക്രമണത്തിന് ഇരയായത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും കൊല്ലം സ്വദേശികളാണ്. പ്രതികൾ രണ്ട് പേരും കഴിഞ്ഞ ഏതാനും നാളുകളായി മംഗലപുരത്ത് കേബിൾ ജോലി ചെയ്ത് വരികയായിരുന്നു. പരാതിക്കാരിയുടെ വീട്ടിലും നേരത്തെ കേബിൾ ജോലി ചെയ്തിട്ടുണ്ട്. ആക്രമണം നടന്ന ദിവസം പെൺകുട്ടി വീട്ടിൽ ഒറ്റയ്‌ക്കാണെന്ന് മനസിലാക്കിയാണ് അക്രമികൾ എത്തിയത്.
പെൺകുട്ടി നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകി കയറ്റുകയും ചെയ്തു. തുടർന്ന് പീഡിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പെൺകുട്ടിയുടെ കഴുത്തിൽ കിടന്ന മാല തട്ടിപ്പറിച്ച് എടുക്കാൻ പ്രതികൾ ശ്രമിച്ചതായും പരാതിയുണ്ട്. പ്രതികളെ രണ്ട് പേരെയും ഇന്നലെ വൈകിട്ട് തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയതിന് ശേഷം പ്രതികളുടെ പേരുവിവരങ്ങൾ പുറത്തുവിടുമെന്നാണ് മംഗലപുരം പൊലീസ് അറിയിക്കുന്നത്.