ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ആരോഗ്യനില വഷളായെന്ന് റിപ്പോർട്ട്. ഖമേനി ഗുരുതരവാസ്ഥയിൽ തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇസ്രായേലിനെതിരെ ഹമാസും ഹിസ്ബുള്ളയും അഴിച്ചുവിടുന്ന ആക്രമണങ്ങളിൽ പ്രധാനപങ്കുവഹിക്കുന്ന നേതാവാണ് ഖമേനി. അടുത്തിടെ ഇറാൻ നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായി കഴിഞ്ഞ ദിവസം ഇറാനിലെ സൈനിക കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയിരുന്നു. പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധ സാഹചര്യം ഉടലെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് സുപ്രധാന നേതാവിന്റെ ആരോഗ്യം ക്ഷയിച്ചെന്ന വാർത്ത പുറത്തുവരുന്നത്.
റൂഹൊള്ള ഖൊമേനി മരിച്ചതിന് ശേഷം 1989 മുതൽ ഇറാന്റെ പരമോന്നത നേതാവായി ചുമതലയിൽ ഇരിക്കുന്ന നേതാവാണ് ആയത്തുള്ള അലി ഖമേനി. 85-കാരനായ ഖമേനി അർബുദ ബാധിതനാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഖമേനിയുടെ രണ്ടാമത്തെ മകൻ മൗജ്തബ ഖമേനി (55) പിൻഗാമിയാകുമെന്നാണ് സൂചന.
ഇറാനിലേക്ക് ഇസ്രായേൽ നടത്തിയ പ്രത്യാക്രമണവും ലെബനനിലെ ഹിസ്ബുള്ളയെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രത്യേക ഓപ്പറേഷനുകളും ഇറാനെ അടിമുടി ബാധിച്ചിരുന്നു. ഖമേനിയുടെ ഉറച്ച നിലപാടുകളിലൂടെയാണ് രാജ്യം സുപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊണ്ടിരുന്നത്. ഇതിനിടെയാണ് ഖമേനി ഗുരുതരാവസ്ഥയിലായത്.