ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ പാലിക ബസാറിൽ നിന്നും ചൈനീസ് മൊബൈൽ ജാമറുകൾ പിടിച്ചെടുത്ത് പൊലീസ്. ബസാറിലെ കടയിൽനിന്നും രണ്ട് ജാമറുകളാണ് ഡൽഹി പൊലീസ് പിടിച്ചെടുത്തത്. അനധികൃതമായി ഉപകരണം വിറ്റതിന് കടയുടമയേയും അറസ്റ്റ് ചെയ്തു.
ഉയർന്ന വിലയ്‌ക്ക് വീണ്ടും വിൽക്കാനാണ് ഇലക്ട്രോണിക് സാധനങ്ങൾ ലഭിക്കുന്ന ലജ്പത് റായ് മാർക്കറ്റിൽ നിന്നും താൻ ജാമറുകൾ വാങ്ങിയതെന്ന് കടയുടമ രവി മാത്തൂർ പൊലീസിനോട് പറഞ്ഞു. കോളുകൾ, ടെക്സ്റ്റുകൾ, ഡാറ്റ സർവീസുകൾ എന്നിവയ്‌ക്കായുള്ള നെറ്റ് വർക്കിലേക്ക് കണക്ട് ചെയ്യുന്നതിൽ നിന്നും ഫോണിനെ തടയാനാണ് ജാമറുകൾ ഉപയോഗിക്കുന്നത്. ഒരു പ്രത്യേക പ്രദേശത്തിനുള്ളിൽ സെല്ലുലാർ ആശയവിനിമയം തടയുന്നവയാണ് മൊബൈൽ ജാമറുകൾ. കണ്ടെടുത്ത ജാമറുകളുടെ പരിധി 50 മീറ്ററാണെന്ന് പൊലീസ് അറിയിച്ചു.
സർക്കാർ മൊബൈൽ ജാമറുകൾ വിൽക്കുന്നതിൽ നിന്നും സാധാരണ പൗരന്മാരെ വിലക്കിയിട്ടുണ്ട്. ഇടപാടുകാർക്ക് ലൈസൻസും രേഖകളും ആവശ്യമാണ്. എന്നാൽ രവി മാത്തൂറിന്റെ കയ്യിൽ ഇത്തരം രേഖകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൊലീസ് ടെലികമ്മ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റിനെയും വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് നഗരത്തിലെ മറ്റ് മാർക്കറ്റുകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.















