പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് പത്തനംതിട്ട കളക്ടർ വി വിഘ്നേശ്വരി. തീർത്ഥാടന പാതയിൽ കുടിവെള്ളം ലഭ്യമാകുന്നതിനുള്ള സൗകര്യങ്ങൾ, ശുചിമുറികൾ എന്നിവ ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും ഇതിനായി തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. ശബരിമല തീർത്ഥാടനം സംബന്ധിച്ച് ജനപ്രതിനിധികളുടെയും ജില്ലാതല വകുപ്പ് മേധാവികളുടെയും അവലോകന യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കളക്ടർ.
തീർത്ഥാടന പാതയിൽ ആവശ്യമായ സൈൻ ബോർഡുകൾ സ്ഥാപിക്കുന്നതിന് മോട്ടോർവാഹന വകുപ്പ് നേതൃത്വം നൽകും. ഹോട്ടലുകളിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കാനും സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുമുള്ള ഉത്തരവാദിത്തം ഭക്ഷ്യസുരക്ഷാ വകുപ്പിനാണ്. തീർത്ഥാടന വഴികളിൽ രാത്രി സമയത്ത് വെളിച്ചം ഉറപ്പാക്കാൻ കെഎസ്ഇബി സൗകര്യം ഉറപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചു.
പാതകളിലെ അറ്റകുറ്റപ്പണി, കാട് വെട്ടിത്തെളിക്കൽ, മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കൽ എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. തീർത്ഥാടക പാതയിലും ഇടത്താവളങ്ങളിലും ഭക്ഷ്യസാധനങ്ങളുടെ വില നിശ്ചയിച്ച ശേഷം മാദ്ധ്യമങ്ങളിലൂടെ അറിയിക്കാനാണ് തീരുമാനം.
സത്രം, പുല്ലുമേട്, മുക്കുഴി എന്നീ ഇടത്താവളങ്ങളിൽ 24 മണിക്കൂർ മെഡിക്കൽ ക്യാമ്പുകൾ ഉണ്ടാകണം. വണ്ടിപ്പെരിയാർ, കുമളി, പീരുമേട് എന്നീ ആരോഗ്യ കേന്ദ്രങ്ങളിൽ മുഴുവൻ സമയവും മെഡിക്കൽ ഓഫീസറുടെ സേവനം ആവശ്യമാണ്. പീരുമേട് താലൂക്ക് ആശുപത്രിയിൽ വിഷബാധയ്‌ക്കുള്ള മരുന്നുകൾ 24 മണിക്കൂറും ഉണ്ടാകുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഉറപ്പാക്കണമെന്നും കളക്ടർ വ്യക്തമാക്കി.















