പാലക്കാട്: മുൻ എംപിയും സിപിഎം നേതാവുമായ എൻഎൻ കൃഷ്ണദാസ് പട്ടികളെന്ന് വിളിച്ച് ആക്ഷേപിച്ചതിൽ പ്രതിഷേധിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയുടെ സൽക്കാരം ബഹിഷ്‌കരിച്ച് മാദ്ധ്യമ പ്രവർത്തകർ. മോശം പദപ്രയോഗത്തിന് മാപ്പ് പറയില്ലെന്ന നിലപാടിലാണ് കൃഷ്ണദാസ്. വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാനുളള തീരുമാനത്തിലാണ് പത്രപ്രവർത്തക യൂണിയൻ.
മന്ത്രി എംബി രാജേഷും ജില്ലാ സെക്രട്ടറിയും ഉൾപ്പെടെ പങ്കെടുത്ത സരിന്റെ വാർത്താ സമ്മേളനത്തിലും മാധ്യമപ്രവർത്തകർ പ്രതിഷേധമറിയിച്ചു. വാർത്താ സമ്മേളനത്തിന് ശേഷം സ്ഥാനാർഥിയും പാർട്ടി നേതാക്കളും ഭക്ഷണ സൽക്കാരത്തിന് ക്ഷണിച്ചെങ്കിലും മാദ്ധ്യമപ്രവർത്തകർ ബഹിഷ്‌കരിക്കുകയായിരുന്നു.
പരാമർശം തിരുത്താൻ എൻ.എൻ കൃഷ്ണദാസ് ഒരുക്കമല്ലാത്തത് മാദ്ധ്യമപ്രവർത്തകർക്കിടയിൽ വലിയ അമർഷമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള മാദ്ധ്യമ പ്രവർത്തകരുടെ പരസ്യ ബഹിഷ്‌കരണം സിപിഎമ്മിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാർട്ടി ജില്ലാ സെക്രട്ടറിയുടെ പീഡനത്തിൽ മനംനൊന്ത് പാർട്ടി വിടുന്നതായി പ്രഖ്യാപിച്ച അബ്ദുൾ ഷുക്കൂറിന്റെ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിലായിരുന്നു എൻഎൻ കൃഷ്ണദാസിന്റെ മോശം പദപ്രയോഗം.
രാവിലെ മുതൽ അബ്ദുൾ ഷുക്കൂറിന്റെ വീട്ടിൽ ഇറച്ചിക്കടയിൽ പട്ടി നിൽക്കുന്നതുപോലെ മാദ്ധ്യമപ്രവർത്തകർ നിൽക്കുകയായിരുന്നു എന്നായിരുന്നു പരാമർശം. വൈകിട്ടോടെ അബ്ദുൾ ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടിയിലേക്ക് മടക്കി കൊണ്ടുവന്ന ശേഷമായിരുന്നു മാദ്ധ്യമങ്ങൾക്ക് നേരെ കൃഷ്ണദാസ് കയർത്തത്. രാവിലെയും പ്രതികരണം തേടിയ മാദ്ധ്യമങ്ങൾക്ക് നേരെ ഇയാൾ രോഷാകുലനായിരുന്നു.