തിരുവനന്തപുരം: മംഗലപുരത്ത് പട്ടാപ്പകൽ വീട്ടിലേക്ക് അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കസ്റ്റഡിയിലെടുത്ത രണ്ട് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം കൊട്ടിയം സ്വദേശി ബൈജു, പരവൂർ സ്വദേശി ജിക്കോ ഷാജി എന്നിവരാണ് അറസ്റ്റിലായത്. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
20-കാരിയായ നഴ്സിംഗ് വിദ്യാർത്ഥിനിയാണ് ലൈംഗികാതിക്രമത്തിന് ഇരയായത്. കേബിൾ ജോലിക്കാരായി വീട്ടിലെത്തിയ പ്രതികൾ അകത്ത് കയറി പെൺകുട്ടിയെ കെട്ടിയിട്ട് ആക്രമിക്കുകയായിരുന്നു. നിലവിളിച്ചപ്പോൾ വായിൽ തുണി തിരുകി കയറ്റി. വീട്ടിൽ പെൺകുട്ടി ഒറ്റയ്‌ക്കാണെന്ന് മനസിലാക്കിയാണ് പ്രതികളെത്തിയത്. ഒരാൾ വീടിന് പുറത്ത് നിന്ന് പരിസരം നിരീക്ഷിക്കുകയും മറ്റേയാൾ അകത്ത് കയറി ആക്രമിക്കുകയുമായിരുന്നു. ശനിയാഴ്ച ഉച്ചയ്‌ക്കാണ് സംഭവം നടന്നത്.
ഇതിൽ ബൈജു എന്നയാൾ പൊലീസിന്റെ ഗുണ്ടാ ലിസ്റ്റിൽ പെട്ടയാളാണെന്നാണ് വിവരം. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണിയാൾ. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കി. ഇരുവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യും.