ചെന്നൈ: നടൻ വിജയ് രൂപീകരിച്ച രാഷ്‌ട്രീയ പാർട്ടി തമിഴക വെട്രി കഴക(ടിവികെ)ത്തിന്റെ പ്രഥമ സംസ്ഥാന സമ്മേളനത്തിൽ നയങ്ങൾ പ്രഖ്യാപിച്ച് താരം. ജനിച്ചവരെല്ലാം സമൻമാരെന്നും സമൂഹ്യനീതിയിൽ ഊന്നിയ മതേതര സമൂഹമാണ് ലക്ഷ്യം, സമൂഹ്യനീതി, സമത്വം, മതേരത്വം എന്നതാണ് പാർട്ടിനയമെന്നും വിജയ് പ്രഖ്യാപിച്ചു. വില്ലുപുരം വിക്രവാണ്ടിയിലെ വേദിയിൽ ആയിരങ്ങളെ സാക്ഷിയാക്കിയായിരുന്നു പതാക ഉയർത്തലും നയ പ്രഖ്യാപനവും.
ഡി.എം.കെയെ കടന്നാക്രമിച്ചാണ് വിജയ് പ്രസംഗത്തിന് ചൂടുപിടിപ്പിച്ചത്. തമിഴ്നാടിനെ കൊള്ളയടിക്കുന്ന കുടുംബമെന്നാണ് ഡിം.കെ.യെ വിജയ് വിശേഷിപ്പിച്ചത്. ഫാസിസം എന്ന് പറഞ്ഞ് ആൾക്കാരെ പറ്റിക്കുന്നു. ആരുടെയും എ ടീമോ ബി ടീമോ അല്ല. രാഷ്‌ട്രീയത്തിൽ താനൊരു കുട്ടിയാണെങ്കിലും ഇറങ്ങുന്നത് ഭയമില്ലാതെ, ഇറങ്ങി, ഇനി പിന്നോട്ടില്ലെന്നും വിജയ് പറഞ്ഞു. രാഷ്‌ട്രീം മാറണം. ഇല്ലെങ്കിൽ മാറ്റും. പെരിയാര്‍, കാമരാജ്, അംബേദ്ക്കര്‍, അഞ്ജലെ അമ്മാള്‍, വേലു നാച്ചിയാര്‍ ഇവരൊക്കെയാണ് വഴികാട്ടികളെന്നും വിജയ് പറഞ്ഞു.
പണത്തിന് വേണ്ടിയല്ല, നല്ല നാളേയ്‌ക്കായി വേണ്ടി രൂപീകരിച്ചതാണ് ഈ പാർട്ടി. അഴിമതിക്കാരെ രാഷ്‌ട്രീയ പ്രക്രിയയിൽ നേരിടും. 2026-ലെ തിരഞ്ഞെടുപ്പ് വേദിയിലാകും നേരിടുന്നത്. തമിഴ്നാട്ടിലെ 234 മണ്ഡലത്തിലും ടിവികെ ചിഹ്നത്തിൽ എതിരാളികളെ തകർക്കും. ആരെയും പേരെടുത്ത് പറഞ്ഞ് വിമർശിക്കാത്തത് പേടിച്ചിട്ടല്ല, രാഷ്‌ട്രീയ മാന്യത. അത് ഇനിയും തുടരും. പക്ഷേ വിമർശനം ആഴത്തിലായിരിക്കും. സ്ത്രീകൾ നേതൃത്വത്തിൽ വരുമെന്ന് വിജയിയുടെ പ്രഖ്യാപനം.