ന്യൂഡൽഹി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ 19-കാരി ഒടുവിൽ പൊലീസിന്റെ വലയിലായി. ‘ലേഡി ഡോണ്‍’ എന്ന അറിയപ്പെടുന്ന അന്നു ധന്‍കറിനെ നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഉത്തർപ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നിന്ന് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്.
ആഡംബര ജീവിതവും അമേരിക്കന്‍ വിസയും പ്രതീക്ഷിച്ചാണ് പോര്‍ച്ചുഗല്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുപ്രസിദ്ധ ഗുണ്ടാനേതാവ് ഹിമാന്‍ഷു ബാഹുവിന്റെ സംഘത്തിൽ അന്നു ധന്‍കർ ചേരുന്നത്. പിന്നീട് ഹിമാന്‍ഷുവിന്റെ സൈബര്‍ പടയുടെ നേതാവായി മാറുകയായിരുന്നു 19-കാരി.
കഴിഞ്ഞ ജൂണ്‍ 18ന് ഗുണ്ടാനേതാവ് ഹിമാന്‍ഷു ബാഹുവിന്‍റെ എതിര്‍സംഘമായ അശോക് പ്രധാന്‍ സംഘത്തിലെ അമന്‍ ജൂണ്‍ (26) എന്നയാളെ പശ്ചിമ ഡൽഹിയിൽ വച്ച് വെടിവച്ചുകൊന്ന കേസിൽ മുഖ്യപ്രതിയാണ് അന്നു. രജൗരി ഗാര്‍ഡനിലെ ബര്‍ഗര്‍ കിംഗ് ഔട്ട‌്‌ലെറ്റിലായിരുന്നു കൊലപാതകം. കൊല്ലപ്പെട്ട അമന്‍ ജൂണിനെ ബര്‍ഗര്‍ കടയിലേക്ക് എത്തിച്ചത് അന്നുവാണ്. എതിര്‍സംഘത്തിലെ ആളുകളില്‍നിന്ന് വിവരം ശേഖരിക്കാനാണ് അന്നുവിനെ ഗുണ്ടാനേതാവ് ഹിമാന്‍ഷു ബാഹു ഉപയോഗിച്ചിരുന്നത്. വ്യാജ പേരുകളില്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുണ്ടാക്കി ആളുകളെ വലയിലാക്കി എതിരാളികളെ ഗുണ്ടാസംഘത്തിന്റെ അടുത്തെത്തിക്കുന്നതായിരുന്നു അന്നുവിന്‍റെ രീതി. ചെയ്യുന്ന ജോലിക്ക് അന്നുവിന് അധികം പണവും നൽകി. ഹിമാന്‍ഷു ബാഹു നൽകിയ വാഗ്ദാനത്തിൽ അമേരിക്കയിലെ സ്പോണ്‍സര്‍ഷിപ്പ് അടക്കം ഉണ്ടായിരുന്നു.















