രഞ്ജി ട്രോഫിയിൽ കേരളവും ബംഗാളും തമ്മിലുള്ള മത്സരത്തിന്റെ രണ്ടാം ദിവസത്തെ കളിയും മഴ മൂലം തടസപ്പെട്ടു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം കളി നിർത്തുമ്പോൾ നാല് വിക്കറ്റിന് 51 റൺസെന്ന നിലയിലാണ്. നാല് റൺസോടെ സച്ചിൻ ബേബിയും ഒൻപത് റൺസോടെ അക്ഷയ് ചന്ദ്രനുമാണ് ക്രീസിൽ.
സ്കോർ 33ൽ നില്ക്കെ ഓപ്പണർ രോഹൻ കുന്നുമ്മലിന്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. 22 പന്തിൽ 23 റൺസെടുത്ത രോഹൻ ഇഷാൻ പോറലിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. തൊട്ടടുത്ത പന്തിൽ റണ്ണൊന്നുമെടുക്കാതെ ബാബ അപരാജിത്തും മടങ്ങി. ഇഷാൻ പോറലിന് തന്നെയായിരുന്നു വിക്കറ്റ്. സ്കോർ 38ൽ നില്ക്കെ വത്സൽ ഗോവിന്ദിന്റെയും ആദിത്യ സർവാടെയുടെയും വിക്കറ്റുകൾ കൂടി കേരളത്തിന് നഷ്ടമായി. ഇരുവരും അഞ്ച് റൺസ് വീതം നേടി. ആദിത്യ സർവാടെയെ പ്രദീപ്ത പ്രമാണിക് പുറത്താക്കിയപ്പോൾ ഇഷാൻ പോറലിനാണ് വത്സൽ ഗോവിന്ദിന്റെ വിക്കറ്റ്.
മഴയെ തുടർന്ന് ആകെ 15.1 ഓവർ മാത്രമാണ് രണ്ടാം ദിവസം എറിയാനായത്.ദേശീയ ടീമിനൊപ്പം ചേരേണ്ടതിനാൽ സഞ്ജു സാംസൺ ഈ മത്സരത്തിൽ കേരളത്തിന് വേണ്ടി കളിക്കുന്നില്ല. അക്ഷയ് ചന്ദ്രനെയും സൽമാൻ നിസാറിനെയും ടീമിൽ ഉൾപ്പെടുത്തിയാണ് ബംഗാളിനെതിരെ കേരളം ഇറങ്ങിയത്. കർണാടകയ്‌ക്ക് എതിരെയുള്ള കേരളത്തിന്റെ കഴിഞ്ഞ മത്സരവും മഴ മൂലം തടസപ്പെട്ടിരുന്നു.