നാടകത്തിൽ അഭിനയിക്കുമ്പോഴുള്ള സന്തോഷം സിനിമയിൽ കിട്ടാറില്ലെന്ന് നടൻ സായ് കുമാർ. പണ്ടത്തെ സിനിമകളുടെ ലൊക്കേഷനും ഇന്നത്തെ സിനിമകളുടെ ലൊക്കേഷനുകളും തമ്മിൽ വളരെ വ്യത്യാസമുണ്ടെന്നും സായ് കുമാർ പറഞ്ഞു.
തന്റെ വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തെ കുറിച്ച് സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സായ് കുമാർ.
“നാടകം ലൈവ് പെർഫോർമൻസ് ആയതിനാൽ എപ്പോഴും പ്രേക്ഷകർ കഥാപാത്രങ്ങളെ ശ്രദ്ധിച്ചുകൊണ്ടിരിക്കും. പക്ഷേ, സിനിമയിൽ അങ്ങനെയല്ല. നാടകം ചെയ്യുമ്പോൾ ഉണ്ടാകുന്ന നിശബ്ദതയൊന്നും സിനിമയിൽ അഭിനയിക്കുമ്പോൾ കിട്ടാറില്ല. പഴയ സിനിമകളുടെ ലൊക്കേഷനുകളാണ് എപ്പോഴും നല്ലത്. ഒരാളുടെ ഷോട്ട് കഴിഞ്ഞാലും മറ്റുള്ളവരോട് അഭിനയം കാണാനായി അവിടെ തന്നെ നിൽക്കാറുണ്ട്. പക്ഷേ ഇന്ന് അങ്ങനെയല്ല.
കാലഘട്ടത്തിനനുസരിച്ചാണ് നമ്മൾ സിനിമകൾ ചെയ്യുന്നത്. എന്നാൽ ഇന്നത്തെ തലമുറകൾ അതിനെ അംഗീകരിക്കില്ല. ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രങ്ങൾ കണ്ടാൽ എന്റെ പ്രായത്തിലുള്ള കലാകാരന്മാൻ അതിനെ പുച്ഛിക്കില്ല. പക്ഷേ, ഇപ്പോഴത്തെ തലമുറ അങ്ങനെയല്ല. 90-കളിൽ ഒരു സായ് കുമാർ ഉണ്ടായിരുന്നുവെന്ന കാര്യം പോലും ഇന്നത്തെ തലമുറകൾക്ക് അറിയില്ലായിരിക്കും. നമ്മൾ അഭിനയിച്ചത് കാണുമ്പോൾ അയ്യേ എന്ന് പറയുമായിരിക്കാം. അതൊക്കെ പ്രതീക്ഷിക്കണം. സിനിമയ്‌ക്ക് എന്നെ ആവശ്യമില്ല, എനിക്കാണ് സിനിമയെ ആവശ്യം’.
കുഴപ്പമില്ല എന്ന് തോന്നുന്ന കഥാപാത്രങ്ങളാണ് ഞാൻ അധികവും ചെയ്യുന്നത്. കാരണം ആരോഗ്യ പ്രശ്നങ്ങൾ നോക്കിയാണ് സിനിമകൾ തെരഞ്ഞെടുക്കുന്നത്. എന്നെ മാറ്റി നിർത്തിയിട്ട് മറ്റൊരാളെ എടുക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നില്ല. ‘വയ്യാതെ ആയി പോയല്ലോ’ എന്ന് പലരും എന്നോട് പറഞ്ഞിട്ടുണ്ട്. അല്ലാതെ മനഃപൂർവ്വം ആരും എന്നെ മാറ്റി നിർത്തിയിട്ടില്ലെന്നും സായ് കുമാർ പറഞ്ഞു.