മലപ്പുറം: ജമാഅത്തെ ഇസ്ലാമി ഭീകരസംഘടനയാണെന്ന അഭിപ്രായം തങ്ങൾക്കില്ലെന്ന് വ്യക്തമാക്കി ഇടി മുഹമ്മദ് ബഷീർ എംപി. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടാക്കിയത് സിപിഎം ആണെന്നും അവരുടെ വോട്ടുകൾ കീശയിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ പാർട്ടിയാണെന്നും മുസ്ലീം ലീഗ് നേതാവ് ഓർമിപ്പിച്ചു. എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെ വളർത്തുന്നത് മുസ്ലീം ലീഗാണെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്കായിരുന്നു ഇടി മുഹമ്മദ് ബഷീർ മറുപടി നൽകിയത്.
എസ്ഡിപിഐയുമായി മുസ്ലീം ലീഗിന് സഖ്യമില്ല. അവരോട് വിയോജിപ്പാണുള്ളത്. ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമുണ്ടായിരുന്നു. അത് ഒളിച്ചുവച്ചിട്ടില്ല. മാർക്സിസ്റ്റ് പാർട്ടി എത്രയോ തെരഞ്ഞെടുപ്പിൽ ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിച്ചവരാണ്. പരസ്യമായി തന്നെ.. മുസ്ലീം ലീഗ് ഒരിക്കലും ജമാഅത്തെ ഇസ്ലാമിയെ ഭീകരപ്രസ്ഥാനമായി കണക്കാക്കിയിട്ടില്ല. അതുകൊണ്ടാണ് അവരുടെ സഹായം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്വീകരിച്ചത്. എന്നാൽ പിണറായിയുടെ പാർട്ടി ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങിയിട്ട് ഇപ്പോൾ അവരിൽ ഭീകരത കണ്ടെത്തുന്നത് വിചിത്രമായാണ് അനുഭവപ്പെട്ടതെന്നും മുസ്ലീം ലീഗ് നേതാവ് പറഞ്ഞു.















