ബെയ്‌ജിങ്: കുട്ടികളുടെ എണ്ണം
കുറഞ്ഞതോടെ ആയിരത്തോളം കിൻഡർ ഗാർട്ടനുകൾ പൂട്ടി ചൈന. ജനന നിരക്കിൽ കുത്തനെയുണ്ടയ കുറവാണ് പ്രതിസന്ധിക്ക് കാരണമെന്ന് ഒദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വർഷവും സമാന സാഹചര്യത്തിലൂടെയാണ് കടന്നുപോയതെന്ന് ചൈനീസ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2023 ൽ 14,808 കിൻഡർ ഗാർട്ടനുകൾ അടച്ചുപൂട്ടിയിരുന്നു. 274,400 എണ്ണമാണ് പ്രവർത്തനം തുടർന്നിരുന്നത്. ഇതാണ് വീണ്ടും കുറഞ്ഞിരിക്കുന്നത്. പ്രൈമറി സ്കൂളുകളുടെ കാര്യത്തിലും ഇതാണ് അവസ്ഥ. കഴിഞ്ഞവർഷം മാത്രം അടച്ചുപൂട്ടിയത് 5,645 എണ്ണം.
ജനസംഖ്യാ നിയന്ത്രണത്തിനായി ഒറ്റക്കുട്ടി നയം ഉൾപ്പെടെ ചൈന നടപ്പിലാക്കിയിരുന്നു. 1979 മുതൽ 2016 വരെ ഈ നയം തുടർന്നുവന്നിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇത്തരം നയങ്ങളുടെ അനന്തര ഫലമാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നാണ് വിലയിരുത്തൽ. പിന്നീട് ഇത് പിൻവലിച്ചെങ്കിലും ഇതുണ്ടാക്കിയ സാമൂഹിക, സാമ്പത്തിക പ്രതിസന്ധി അവസാനിക്കുന്നില്ല. ഒരു വശത്ത് ജനനനിരക്കും പ്രത്യുൽപാദന നിരക്കും കുറയുമ്പോൾ മറുവശത്ത് വാർദ്ധക്യ ജനസംഖ്യ കുത്തനെ വർധിക്കുകയാണ്. അതിനാൽ അടച്ചുപൂട്ടുന്ന കിൻഡർ കർട്ടനുകൾ പലതും വൃദ്ധകന്ദ്രങ്ങളാക്കി ചൈന മാറ്റിക്കഴിഞ്ഞു.