തിരുവനന്തപുരം: പാറശാലയിൽ വ്ലോഗർമാരായ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ചെറുവാരക്കോണം സ്വദേശികളായ സെൽവരാജ്, പ്രിയലത എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രിയലതയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സെൽവരാജ് തൂങ്ങിമരിക്കുകയായിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
പ്രിയയുടെ മരണം കൊലപാതകമാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നത്. പ്രിയയുടെ കഴുത്തിൽ കയർ കൊണ്ട് മുറുക്കിയതിന്റെ പാടുകൾ ഉണ്ടായിരുന്നു. ഈ കയർ വീട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളും സാമ്പത്തിക ബാധ്യതകളും പൊലീസ് അന്വേഷിച്ചുവരികയാണ്. ജീവനൊടുക്കാനുണ്ടായ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
മകളുടെ വിവാഹശേഷം സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. സെല്ലു ഫാമിലി എന്ന യൂട്യൂബ് ചാനലിൽ പ്രിയലത രണ്ട് ദിവസം മുമ്പും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. വിടപറയും നേരം എന്ന് തുടങ്ങുന്ന ഗാനത്തില്‍ ഇരുവരുടെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് വീഡിയോ പോസ്റ്റ് ചെയ്തത്.
എറണാകുളത്ത് താമസിക്കുന്ന മകന്‍ വെളളിയാഴ്ച രാത്രിയും ഫോണില്‍ ഇരുവരോടും സംസാരിച്ചിരുന്നു. ശനിയാഴ്ച രാവിലെ മുതല്‍ ഫോണില്‍ വിളിച്ചിട്ടും കിട്ടാതെ വന്നപ്പോൾ മകന്‍ വീട്ടിലേക്ക് വന്നു. ശനിയാഴ്ച രാത്രി മകന്‍ വീട്ടിലെത്തിയപ്പോൾ വീടിന്റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വീട്ടിനകത്തേക്ക് കയറിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.















