തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആരോപണ വിധേയയായ പിപി ദിവ്യയെ കണ്ടെത്താൻ പൊലീസിന് താൽപര്യമില്ലെന്ന് ശ്രീജിത്ത് പണിക്കർ. പൊലീസ് അവർക്ക് ആവശ്യത്തിന് സമയം നൽകിക്കൊണ്ടിരിക്കുകയാണ്. അറസ്റ്റുമായി ബന്ധപ്പെട്ട് യാതൊരു എതിർപ്പുമില്ലെന്ന് അവരുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിട്ടും അവരെ കണ്ടെത്താനുളള യാതൊരുവിധ ശ്രമങ്ങളുമില്ലെന്നും ശ്രീജിത്ത് പണിക്കർ ജനം ഡിബേറ്റിൽ ആരോപിച്ചു.
അവരുടെ സ്വാധീന ശക്തി ഉപയോഗിച്ചുകൊണ്ട് അന്വേഷണത്തിന്റെ ഗതിയെ മാറ്റുന്നതിനോ തെളിവുകൾ നശിപ്പിക്കുന്നതിനോ അവർക്ക് എന്തൊക്കെ ചെയ്യാനാകുമെന്നാണ് നോക്കേണ്ടത്. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും മുൻപ് കേസിന്റെ വഴിമാറ്റി വിടുന്ന രീതിയിലേക്ക് പിപി ദിവ്യയെ ഉപയോഗിച്ച പ്രവർത്തിക്കാനുളള സമയമാണ് അവർക്ക് കിട്ടുന്നതെന്നും ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടി.
കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും ഇവിടെ പ്രത്യേക അന്വേഷണ സംഘം ഉണ്ടായിരുന്നു. ഒരു പ്രത്യേക ഘട്ടം കഴിയുമ്പോൾ അന്വേഷണമൊക്കെ എങ്ങനെയാണ് പോകുന്നതെന്ന് നമുക്ക് അറിയാവുന്നതാണ്. കേസുകൾ കോടതികളിൽ വരുന്ന സമയത്ത് സജി ചെറിയാന്റെ കുന്തവും കുടച്ചക്രവും പ്രസംഗത്തിന്റെയും നിയമസഭയിൽ നടന്ന കയ്യാങ്കളിയുടെ പോലും ദൃശ്യങ്ങൾ ഇല്ലെന്ന് പറഞ്ഞവരാണ് പൊലീസ്. മുഖ്യമന്ത്രിയുടെ ഗണ്മാൻമാരുടെ രക്ഷാപ്രവർത്തനത്തിലും തെളിവില്ലെന്നാണ് പൊലീസ് പറഞ്ഞിരുന്നതെന്ന് ശ്രീജിത്ത് പണിക്കർ ഓർമ്മിപ്പിച്ചു.
പാർട്ടിയിൽ ഉന്നത നേതാക്കളുമായി ബന്ധമുളള വ്യക്തിയാണ് പിപി ദിവ്യ. ഒരുപക്ഷെ 2026 ലെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായേക്കുമെന്ന് വരെ പാർട്ടി വിലയിരുത്തുന്ന നേതാവായിരുന്നു അവരെന്നും ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടി. സർക്കാർ നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നാണ് പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും പറയുന്നത്. പക്ഷെ അദ്ദേഹത്തിനെതിരെ ദിവ്യ ഉയർത്തിയ അഴിമതി ആരോപണത്തിൽ എന്ത് അഴിമതിയാണ് നടത്തിയതെന്ന് പോലും വ്യക്തമല്ല. നൽകിയെന്ന് പറയുന്ന 98500 രൂപയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നും ശ്രീജിത്ത് പണിക്കർ പറഞ്ഞു.















