ശ്രീനഗർ: എംഎൽഎയും പ്രമുഖ നാഷണൽ കോൺഫറൻസ് നേതാവുമായ ഡോ. ബഷീർ അഹമ്മദ് വീരിയുടെ ബാഗേജിനുള്ളിൽ രണ്ട് റൗണ്ട് വെടിയുണ്ടകൾ കണ്ടെത്തി. ശ്രീനഗർ വിമാനത്താവളത്തിൽ വച്ചാണ് എംഎൽഎയെ പിടികൂടിയത്. പിന്നാലെ അദ്ദേഹത്തെ അൽപനേരം തടഞ്ഞുവെച്ചു. ഡോ. വീരിയുടെ ബാഗേജിൽ സുരക്ഷാ ഉദ്യോഗസ്ഥർ പതിവ് സ്‌കാനിംഗിനിടെ രണ്ട് റൗണ്ട് തിരകൾ കണ്ടെത്തുകയായിരുന്നു .
ജമ്മുവിലേക്ക് പോകുന്നതിനിടെയാണ് വീരിയെ അധികൃതർ കസ്റ്റഡിയിലെടുത്തത്. തുടർന്ന് എംഎൽഎയെ ചോദ്യം ചെയ്യുന്നതിനായി ഹംഹാമ പൊലീസ് പോസ്റ്റിലേക്ക് മാറ്റി. വെടിയുണ്ടകൾ തന്റെ ലൈസൻസുള്ള ആയുധത്തിന്റേതാണെന്നും അശ്രദ്ധമായി തന്റെ ബാഗിൽ നിറച്ചതാണെന്നും ഡോ.വീരി വ്യക്തമാക്കി. വെടിയുണ്ടകളും രേഖകളും പരിശോധിച്ച ശ്രീനഗർ വിമാനത്താവളത്തിലെ സെക്യൂരിറ്റി തുടർന്ന് അദ്ദേഹത്തെ വിട്ടയച്ചു.
ബിജ്‌ബെഹറ നിയോജക മണ്ഡലത്തിൽ മെഹ്ബൂബ മുഫ്തിയുടെ മകൾ ഇൽതിജ മുഫ്തിയെ പരാജയപ്പെടുത്തി വിജയിച്ച നേതാവാണ് ഡോ. ബഷീർ അഹമ്മദ് വീരി. ആരോഗ്യരംഗത്ത് ജനപ്രിയനായിരുന്ന അദ്ദേഹം ഇക്കാരണത്താൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.