വഡോദര : സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് മൂന്ന് ദിവസത്തെ ഇന്ത്യാ സന്ദർശനത്തിനായി തിങ്കളാഴ്ച പുലർച്ചെ ഗുജറാത്തിലെ വഡോദരയിലെത്തി.വഡോദര അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി സാഞ്ചസിനെ സ്വീകരിച്ചു.18 വർഷത്തിനുള്ളിൽ ഒരു സ്പാനിഷ് പ്രധാനമന്ത്രി ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്.

തന്റെ സന്ദർശന വേളയിൽ, വഡോദരയിൽ സി 295 വിമാന ഫൈനൽ അസംബ്ലി ലൈൻ പ്ലാൻ്റ് സ്പാനിഷ് പ്രധാനമന്ത്രി പ്രധാനമന്ത്രി മോദിക്കൊപ്പം ഉദ്ഘാടനം ചെയ്യും. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (TASL) ക്യാമ്പസിലാണ് ഫാക്ടറി കോംപ്ലക്സ് നിർമ്മിച്ചിരിക്കുന്നത്. എയർബസ് സ്പെയിനുമായി സഹകരിച്ച് ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസാണ് പ്ലാൻ്റ് സ്ഥാപിച്ചത്.
പ്രധാനമന്ത്രി സാഞ്ചസ് മുംബൈയും സന്ദർശിക്കും. അവിടെ അദ്ദേഹം വ്യാപാര, വ്യവസായ പ്രമുഖർ, സിനിമാ വ്യവസായ പ്രമുഖർ എന്നിവരുമായി സംവദിക്കും. സ്പെയിൻ-ഇന്ത്യ കൗൺസിൽ ഫൗണ്ടേഷനും ഒബ്സർവർ റിസർച്ച് ഫൗണ്ടേഷനും ചേർന്ന് സംഘടിപ്പിക്കുന്ന നാലാമത് സ്പെയിൻ ഇന്ത്യ ഫോറത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ഇന്ത്യൻ – സ്പാനിഷ് മാധ്യമങ്ങൾക്കും ഇരു രാജ്യങ്ങളിലെയും വിനോദ വ്യവസായത്തിനുമിടയിൽ കൂടുതൽ സഹകരണം വളർത്തിയെടുക്കുന്നതിനായി അദ്ദേഹം പ്രമുഖ ഫിലിം സ്റ്റുഡിയോകളും സന്ദർശിക്കും. സാഞ്ചസിന്റെ സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും തമ്മിൽ നിരവധി ധാരണാപത്രങ്ങൾ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു.















