ഇത്തവണത്തെ ദീപാവലി അയോദ്ധ്യക്കേറെ പ്രധാനപ്പെട്ടതാണ്. ശ്രീരാമക്ഷേത്രം പണികഴിപ്പിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലിയെ സ്വീകരിക്കാൻ രാമഭക്തർ തയ്യാറായി കഴിഞ്ഞു. എട്ടാമത് ദീപോത്സവത്തിനാണ് പുണ്യഭൂമി ഒരുങ്ങുന്നത്. എല്ലാ തവണയും റെക്കോർഡ് സ്വന്തമാക്കിയാണ് സരയൂ നദീ തീരത്തെ ദീപാവലി ആഘോഷം സമാപിക്കുക.
ഇത്തവണ സരയൂവിന്റെ തീരത്ത് 25 മുതൽ 28 ലക്ഷം ദീപങ്ങൾ തെളിയിച്ച് ലോക റെക്കോർഡ് സൃഷ്ടിക്കുകയാണ് ലക്ഷ്യം. തികച്ചും പരിസ്ഥിതി സൗഹൃദമായാകും ആഘോഷങ്ങൾ നടക്കുക. ഭക്തിക്കൊപ്പം തന്നെ പരിസ്ഥിതി സംരക്ഷണമെന്ന ആശയവും രാമജന്മഭൂമി ട്രസ്റ്റ് മുന്നോട്ടുവയ്‌ക്കുന്നു. ഇതിന്റെ ഭാഗമായി പ്രത്യേകം രൂപകൽപന ചെയ്ത പരിസ്ഥിതി സൗഹൃദ വിളങ്ങുകൾ കൊണ്ടാകും ഇത്തവണ രാമക്ഷേത്രം തിളങ്ങുക. ദീർഘനേരം പ്രകാശം നൽകാനും കറയും മണവും ഒഴിവാക്കാനും ഇവ സഹായിക്കും.
പുഷ്പാലങ്കാരങ്ങൾ രാമക്ഷേത്രത്തിന് മാറ്റുകൂട്ടും. പരിസ്ഥിതി സംരക്ഷണമാണ് ദീപോത്സവത്തിന്റെ ശ്രദ്ധാകേന്ദ്രം. കാർബൺ ബഹിർഗമനം കുറയ്‌ക്കുന്നതിനും മലിനീകരണ തോത് കുറയ്‌ക്കുന്നതിനുമായി പ്രത്യേക മെഴുക് വിളക്കുകൾ ഉപയോഗിക്കും. ഇവ ദീർഘനേരം പ്രകാശിക്കുമെന്നതും പ്രത്യേകതയാണ്. ദീപോത്സവത്തിന്റെ ഭാഗമായി ഒക്ടോബർ 29 മുതൽ നവംബർ ഒന്നിന് അർദ്ധരാത്രി വരെ ദർശനത്തിനായി തുറന്നിടാൻ തീരുമാനിച്ചിട്ടുണ്ട്.















