തൃശൂർ: പൂരം അലങ്കോലപ്പെട്ടതിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികരണവുമായി പാറമേക്കാവ് ദേവസ്വം. എഫ്ഐആർ ഇട്ട് ഉപദ്രവിച്ചാൽ അംഗീകരിക്കില്ലെന്ന നിലപാടിലാണ് പാറമേക്കാവ് ദേവസ്വം. ആഘോഷങ്ങൾ നടക്കരുതെന്ന് കരുതി ചെയ്യുന്നത് പോലെയാണ് നടപടികളെന്നും ആരാണ് ഇതൊക്കെ തീരുമാനിക്കുന്നതെന്നും പാറമേക്കാവ് സെക്രട്ടറി ജി. രാജേഷ് ചോദിച്ചു.
മുഖ്യമന്ത്രി തന്നെ ഗൂഢാലോചനയില്ലെന്ന് പറഞ്ഞു. പിന്നെ എന്തിനാണ് എഫ്ഐആറിട്ട് അന്വേഷിച്ച് ദേവസ്വങ്ങളെയും സംഘാടകരെയും ബുദ്ധിമുട്ടിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വേറൊരു മതവിഭാഗത്തിനെതിരെ ഇത്തരം നടപടി ഉണ്ടാകില്ലെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്താൽ ശക്തമായ പ്രതികരണമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു കൊല്ലം മുഴുവൻ ബുദ്ധിമുട്ടി പൂരം നടത്തിയ ശേഷം കേസെടുക്കുക എന്നത് ലോകത്ത് എവിടെയും കെട്ടുകേൾവിയില്ലാത്ത സംഭവമാണ്.
ഒന്ന് കഴിഞ്ഞാൽ ഒന്നൊന്നായി പ്രശ്നങ്ങളുണ്ടാക്കി സംഘാടകരുടെ വീര്യം തകർക്കുകയാണ് ചെയ്യുന്നത്. ഇതിൽ ശക്തമായ പ്രതിഷേധം ഉണ്ടാകും. ഉത്സവങ്ങളും ആഘോഷങ്ങളും പെരുന്നാളുകളും നടത്തരുത് എന്ന തരത്തിലാണ് കാര്യങ്ങൾ പോകുന്നത്. അതിന്റെ അവസാന ആണിയായാണ് എഫ്ഐആർ ഇട്ടതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. അന്വേഷണവുമായി സഹകരിക്കും അക്കാര്യത്തിൽ തർക്കമില്ല. തങ്ങളുടെ ഭാഗത്ത് നിന്ന് തടസമുണ്ടായിട്ടില്ലെന്നും ഏത് അന്വേഷണം നേരിടാനും തയ്യാറാണെന്നും പാറമേക്കാവ് സെക്രട്ടറി പറഞ്ഞു. പൂരം അലങ്കോലമായതിന് പിന്നിൽ ഗൂഢാലോചനയല്ലെന്നും ഉദ്യോഗസ്ഥ പിഴവാണുണ്ടായതെന്നാണ് തിരുവമ്പാടി ദേവസ്വം പ്രതികരിച്ചത്.
വിവാദങ്ങൾക്കിടയിലാണ് തൃശൂർ പൂരം അലങ്കോലപ്പെടുത്താൻ ഗൂഢാലോചന നടന്നതായി പൊലീസ് സ്ഥിരീകരിച്ചതും കേസെടുത്തതും. ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഇൻസ്പെക്ടർ ചിത്തരജ്ഞന്റെ പരാതിയിലാണ് തൃശൂർ ടൗൺ ഈസ്റ്റ് പൊലീസ് ആരെയും പ്രതിചേർക്കാതെ കേസെടുത്തത്. പേര് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പ്രതികൾ ചേർന്ന് ഗൂഢാലോചന നടത്തിയതായി എഫ്ഐആറിൽ പറയുന്നു. മത പരമായ ചടങ്ങുകൾക്ക് തടസ്സം സൃഷ്ടിക്കുക , രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.