കൊടങ്ങല്ലൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടൽ തുണയായി, മുഹമ്മദ് അഫ്താബിന് ഇനി പാസ്പോർട്ടുമായി തായ്‌ലാന്റിലേക്ക് പറക്കാം. കൊടുങ്ങല്ലൂര്‍ ഉഴുവത്ത്കടവ് പാറയില്‍ വഹാബ് -സെമിന ദമ്പതികളുടെ മകന്‍ മുഹമ്മദ് അഫ്താബിനാണ് സുരേഷ് ഗോപിയുടെ ഇടപെട്ട് അതിവേഗം പാസ്പോർട്ട് ലഭ്യമാക്കിയത്.
ഗുജറാത്തില്‍ നടന്ന നാഷണല്‍ അത് ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ മുഹമ്മദ് അഫ്താബ് സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. പിന്നാലെ നവംബറിൽ തായ്‌ലാന്റിൽ നടക്കുന്ന ഭിന്നശേഷിക്കാരുടെ അത്‌ലറ്റിക്ക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാൻ അഫ്താബിന് ക്ഷണം ലഭിച്ചു. ഒക്ടോബര്‍ 24 ആയിരുന്നു നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള അവസാന ദിവസം. പിതാവ് വിദേശത്തായതും അപേക്ഷകന്‍ മൈനര്‍ ആയതും മൂലം ഈ ദിവസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ലഭിക്കുവാന്‍ തടസങ്ങൾ നേരിട്ടു.
കുടുംബത്തിന്റെ പ്രതിസന്ധി മനസിലാക്കിയ ബിആര്‍സിയിലെ വിനയ ടീച്ചര്‍
കേന്ദ്രമന്ത്രിയുമായി പരിചയമുള്ള ശലഭ ടീച്ചറെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് കാര്യങ്ങൾ വേഗത്തിലായി. ഉടൻ തന്നെ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്ന് മുഹമ്മദ് അഫ്താബിനെ വിളിയെത്തി. സമയപരിധിക്കുള്ളിൽ തന്നെ പാസ്പോർട്ട് ലഭിച്ചതോടെ അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിനുള്ള അപേക്ഷ സമർപ്പിക്കുകയും ചെയ്തു.
തന്റെ പാസ്പോർട്ടിനുണ്ടായ സാങ്കേതിക തടസ്സവും സുരേഷ് ഗോപി ഇടപെട്ട് പരിഹരിച്ചു തന്നെന്ന് അഫ്താബിന്റെ മാതാവ് സെമിന പറഞ്ഞു. യാത്ര തടസ്സം നീങ്ങിയതിന്റെ സന്തോഷത്തിൽ മന്ത്രിക്ക് നന്ദി പറയുകയാണ് കുടുംബം.















