അമ്പത് വർഷത്തിന് ശേഷം രണ്ട് പ്രത്യേക മോഡലുകളുമായി ജാഗ്വാർ ഇ-ടൈപ്പ് വീണ്ടും എത്തുന്നു. ഐക്കണിക്ക് ജാഗ്വാർ ഇ-ടൈപ്പിന്റെ ഉൽപ്പാദനം അവസാനിപ്പിച്ചിട്ട് 50 വർഷം പിന്നിടുമ്പോഴാണ് ബ്രിട്ടീഷ് കാർ നിർമ്മാതാവ് റോഡ്സ്റ്ററിന്റെ രണ്ട് എക്സ്ക്ലൂസീവ് യൂണിറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. രണ്ട് ജാഗ്വാർ ഇ-ടൈപ്പ് മോഡലുകളും കൺവേർട്ടിബിൾ കോൺഫിഗറേഷനാണ്. ഒന്ന് ക്ലാസിക് സിഗ്നറ്റ് ഗ്രീൻ ഷേഡ് നിറമുള്ളതാണെങ്കിൽ, മറ്റൊന്ന് കാലാതീതമായ ഓപാൽ ബ്ലാക്ക് പെയിൻ്റ് സ്കീമിലാണ്.
ജാഗ്വാർ ഇ-ടൈപ്പ് റോഡ്സ്റ്റേഴ്സ് ബ്രാൻഡിന്റെ വിശ്വസ്തനായ ഒരു ഉപഭോക്താവിന് വേണ്ടിയാണ് ഐക്കണിക്ക് വാഹനം വീണ്ടും നിർമ്മിക്കുന്നത്. കുറച്ച് ‘പ്രത്യേക’ ഫീച്ചറുകൾ കൂടി ചേർത്തുകൊണ്ട് ഈ കാറുകൾ എക്സ്ക്ലൂസീവ് ആണെന്ന് ജാഗ്വാർ ഉറപ്പാക്കിയിട്ടുണ്ട്. ഉദാഹരണത്തിന്, സെൻ്റർ കൺസോൾ പ്ലാക്കിൽ ക്ലാസിക് മോഡലുകളുടെ ബ്ലൂപ്രിൻ്റ് കൊത്തിവെച്ചിട്ടുണ്ട്. സീറ്റുകളിലെ ലെതർ ട്രിം കൈകൊണ്ട് നെയ്തതും തുന്നിച്ചേർത്തതുമാണ്.
ഇംഗ്ലണ്ടിലെ ഏറ്റവും പഴയ ആഭരണവ്യാപാരിയായ ഡീകിൻ & ഫ്രാൻസിസ്, ഇ-ടൈപ്പുകൾക്കുള്ളിൽ വിവിധ ‘ആഭരണങ്ങൾ’ ചേർത്തിട്ടുണ്ട്. ക്യാബിനിനുള്ളിലെ സ്വർണ്ണവും വെള്ളിയും, ബൂട്ടിൽ വെള്ളി നിറത്തിലുള്ള ‘ജാഗ്വാർ’ സ്ക്രിപ്റ്റ്, മദർ ഓഫ് പേളിൽ നിന്നുള്ള ജാഗ്വാർ ബാഡ്ജ്, 18 കാരറ്റ് സ്വർണ്ണം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
പഴയ വാഹനം പുതിയകാലത്ത് ചെയ്യുന്നതിനാൽ എയർകണ്ടീഷണർ, ഹീറ്റഡ് വിൻഡ്ഷീൽഡ്, ബ്ലൂടൂത്ത് റേഡിയോ തുടങ്ങിയ ആധുനിക സൗകര്യങ്ങളും നൽകിയിട്ടുണ്ട്. പുതിയ ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും പഴയ കരുത്തുറ്റ എഞ്ചിൻ തന്നെയാണ് ജാഗ്വാർ വാഹനത്തിന് നൽകിയിരിക്കുന്നത്. പ്രശസ്തമായ 3.8 ലിറ്റർ ഇൻലൈൻ ആറ് സിലിണ്ടർ എഞ്ചിനാണ് വാഹനത്തിന്. എന്നാൽ ഇപ്പോൾ ഫ്യുവൽ ഇഞ്ചക്ഷൻ പോലുള്ള ആധുനിക സാങ്കേതികവിദ്യകളും ഉണ്ട്. അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ് വാഹനത്തിൽ.