ഹൈദരാബാദ്: ശ്വാസതടസത്തെ തുടർന്ന് സ്കൂൾ വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെദ്ദപ്പള്ളി ജില്ലയിലെ കസ്തൂർബാ ഗാന്ധി ഗേൾസ് സ്കൂളിലുള്ള 30 വിദ്യാർത്ഥിനികൾക്കാണ് ശ്വാസതടസവും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടത്. ഇന്നലെ വൈകുന്നേരം ക്ലാസ് കഴിയാറായപ്പോഴായിരുന്നു സംഭവം.
ചില വിദ്യാർത്ഥിനികൾക്ക് ചുമയും ക്ഷീണവും അനുഭവപ്പെട്ടിരുന്നു. തുടർന്ന് സ്കൂൾ ജീവനക്കാർ വിദ്യാർത്ഥിനികളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിന് സമീപത്തെ വയലുകളിൽ കീടനാശിനി തളിച്ചതിനെ തുടർന്നാണ് കുട്ടികൾക്ക് ശ്വാസതടസമുണ്ടായതെന്ന് സ്കൂൾ അധികൃതർ ആരോപിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവർ ആശുപത്രിയിലെത്തി വിദ്യാർത്ഥികളുടെ ആരോഗ്യനില വിലയിരുത്തി. വിദ്യാർത്ഥികൾക്ക് ഛർദ്ദിയോ വയറിളക്കമോ ഇല്ലാതിരുന്നതിനാൽ ഭക്ഷ്യവിഷബാധ ഉണ്ടായിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. വൈറൽ അണുബാധ കാരണമാണ് ശ്വാസതടസം ഉണ്ടായതെന്നും വിദ്യാർത്ഥികളുടെ ആരോഗ്യം മെച്ചപ്പെട്ടുവരികയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.
സ്കൂളിൽ വിളമ്പുന്ന ഭക്ഷണത്തിന്റെ പ്രശ്നമായിരിക്കും ഇതിന് കാരണമെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പിന്നീട് വിശദമായ പരിശോധനകൾക്ക് ശേഷം അതല്ലെന്ന് കണ്ടെത്തുകയായിരുന്നു. കുട്ടികൾക്ക് നൽകുന്ന ഭക്ഷണത്തിന്റെ ഗുണനിലാവരത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പ്രമോദ് കുമാർ സ്കൂൾ അധികൃതകർക്ക് നിർദേശം നൽകി.