ബ്ലെസി സംവിധാനം ചെയ്ത കാഴ്ച എന്ന ചിത്രത്തിൽ തന്റെ വേഷം ചെയ്യാനിരുന്നത് കലാഭവൻ മണിയാണെന്ന് നടൻ മനോജ് കെ ജയൻ. തമിഴ് സിനിമയുടെ ഡേറ്റുമായി ബന്ധപ്പെട്ട് ക്ലാഷുണ്ടായതിനാലാണ് മണിയ്‌ക്ക് കാഴ്ച ചെയ്യാൻ കഴിയാത്തതെന്നും മനോജ് കെ ജയൻ പറഞ്ഞു. സ്വകാര്യ ചാനൽ പരിപാടിയിലാണ് പഴയ കാര്യങ്ങൾ മനോജ് കെ ജയൻ പങ്കുവെച്ചത്.
സമൂഹമാദ്ധ്യമങ്ങളിൽ മനോജ് കെ ജയന്റെ വാക്കുകൾ വൈറലായി മാറിക്കഴിഞ്ഞു. നേരത്തെയും മനോജ് കെ ജയൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. മലയാളത്തിലെ മിക്ക നടൻമാരുമായും ആത്മബന്ധം പുലർത്തിയിരുന്ന നടനാണ് കലാഭവൻ മണി. വർഷങ്ങളോളം അസിസ്റ്റൻഡ് ഡയറക്ടറായി നിന്ന ശേഷമാണ് ബ്ലെസി കാഴ്ചയിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. അഭിനേതാക്കളുമായി ബ്ലെസിക്കും നല്ല ബന്ധമായിരുന്നു. ബ്ലെസിയുമായി നല്ല ബന്ധമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആദ്യ സിനിമയിൽ തനിക്ക് വേഷമില്ലായിരുന്നുവെന്നും എന്നാൽ പിന്നീട് നിയോഗം പോലെ ഈ വേഷം തന്നിലേക്ക് എത്തുകയായിരുന്നുവെന്നും പറഞ്ഞുകൊണ്ടാണ് മനോജ് കെ ജയൻ പഴയ കഥ പങ്കുവെച്ചത്.
“കലാഭവൻ മണി അവന് വേണ്ടിയല്ലാതെ മറ്റൊരു നടന് വേണ്ടി പാടിയിട്ടുണ്ടെങ്കിൽ അത് എനിക്ക് വേണ്ടി മാത്രമാണ്. കാരണം, അനന്തഭദ്രം ചെയ്തുകൊണ്ടിരുന്ന സമയത്താണ് കാഴ്ച സിനിമയ്‌ക്കായി ബ്ലെസി എന്നെ വിളിക്കുന്നത്. ഞാൻ ഒരു സിനിമ ചെയ്യുന്നുണ്ട്. അതിൽ നിനക്ക് ഒരു വേഷമുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അഞ്ച് ദിവസത്തെ ഡേറ്റ് വേണമെന്നും നിനക്ക് നല്ലൊരു പാട്ടുണ്ടെന്നും ബ്ലെസി പറഞ്ഞു. ഇത് മണി ചെയ്യാനിരുന്ന വേഷമാണ്. അവൻ ഒരു പാട്ടും പാടിവച്ചിട്ടുണ്ട്. ഈ വേഷം മണി ചെയ്യാനിരുന്നത് കൊണ്ടാണ് പാട്ട് അവനെ കൊണ്ട് തന്നെ പാടിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അനന്തഭദ്രത്തിന്റെ ലൊക്കേഷനിൽ മണിയും എനിക്കൊപ്പം ഉണ്ടായിരുന്നു. ബ്ലെസിയുടെ ഫോൺ വച്ച ശേഷം ഞാൻ മണിയോട് ഇക്കാര്യം സംസാരിച്ചു. നീ ചെയ്യാനിരുന്ന സിനിമയിലേക്ക് ബ്ലെസി എന്നെ വിളിക്കുന്നുണ്ടെന്ന് പറഞ്ഞു. ‘പറ്റുമെങ്കിൽ ഒന്ന് പോയി ചെയ്യ് ചേട്ടാ’ എന്നായിരുന്നു മണിയുടെ മറുപടി. കാരണം, മണി ആ സമയത്ത് ഒരു തമിഴ് സിനിമയുമായി ക്ലാഷായി നിൽക്കുകയായിരുന്നു”.
നിനക്ക് പകരം ഞാൻ ചെയ്യുന്നത് കുഴപ്പമുണ്ടോയെന്ന് ചോദിച്ചപ്പോൾ ഒരു കുഴപ്പവുമില്ലെന്ന് മണി എന്നോട് പറഞ്ഞു. അവന്റെ അനുവാദം വാങ്ങിയ ശേഷമാണ് ആ പടം ചെയ്യാനായി പോയതെന്നും മനോജ് കെ ജയൻ പറഞ്ഞു.
മമ്മൂട്ടി നായകനായ കാഴ്ചയിലെ കുട്ടനാടൻ കായലിലെ എന്ന് തുടങ്ങുന്ന ഗാനം കലാഭവൻ മണിയും മധു ബാലകൃഷ്ണനും ചേർന്നാണ് ആലപിച്ചത്. ചാനൽ പരിപാടിയിൽ മധു ബാലകൃഷ്ണൻ ഒപ്പമിരിക്കുമ്പോഴാണ് മനോജ് കെ ജയൻ ഈ സംഭവങ്ങൾ ഓർത്തെടുത്തത്.















