ലക്നൗ: സംസ്കൃത പഠനത്തിന് സ്കോളർഷിപ്പ് പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. വാരാണസിയിലെ സംപൂർണാനന്ദ് സംസ്കൃത സർവകലാശാലയിൽ ഞായറാഴ്ച നടന്ന ചടങ്ങിലായിരുന്നു സർക്കാരിന്റെ പ്രഖ്യാപനം. സംസ്ഥാനത്തെമ്പാടുമുള്ള സംസ്കൃതപഠന വിദ്യാർത്ഥികൾക്കായി 5.86 കോടിയുടെ സ്കോളർഷിപ്പാണ് യുപി മുഖ്യമന്ത്രി അവതരിപ്പിച്ചത്.
പുരാതന ഭാഷയായ സംസ്കൃതം എല്ലാവരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് നടപടി. എഴുപതിനായിരത്തോളം വിദ്യാർത്ഥികൾ സ്കോളർഷിപ്പിന്റെ ഗുണഭോക്താക്കളാകും. വിദ്യാർത്ഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക നേരിട്ട് കൈമാറുകയും ചെയ്യും. സ്കോളർഷിപ്പ് തുക ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എല്ലാ സംസ്കൃത വിദ്യാർത്ഥികളും ബാങ്ക് അക്കൗണ്ട് തുടങ്ങണമെന്നും എങ്കിൽ മാത്രമേ തുകയുടെ വിതരണം സുതാര്യമായി നടക്കുകയുള്ളൂവെന്നും യുപി മുഖ്യമന്ത്രി വ്യക്തമാക്കി.
‘ദേവഭാഷ’ എന്ന വിശേഷണത്തിലുപരി സംസ്കൃതത്തിന്റെ സാധ്യതകൾ അനന്തമാണ്. ശാസ്ത്ര, സാങ്കേതിക മേഖലകളിൽ സംസ്കൃതം ഉപയോഗിക്കാൻ കഴിയും. ആധുനിക മേഖലകളായ കമ്പ്യൂട്ടർ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിൽ പ്രയോഗിക്കാൻ കഴിയുന്ന ശാസ്ത്രഭാഷ കൂടിയാണ് സംസ്കൃതമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.















