ന്യൂഡൽഹി: ഇന്ത്യൻ നേവിയുടെ നേവൽ ഇന്നൊവേഷൻ ആൻഡ് ഇൻഡിജനൈസേഷൻ ഓർഗനൈസേഷൻ (NIIO) സെമിനാർ-‘സ്വവ്‌ലംബൻ 2024’-ലെ താരമായി മാറി ‘വജ്ര ഷോട്ട്’. പ്രദർശനത്തിൽ നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയുടെ കണ്ണിലുടക്കിയ ഇന്ത്യൻ നിർമ്മിത ആൻ്റി ഡ്രോൺ തോക്കാണിത്.
ബിഗ് ബാംഗ് സൊല്യൂഷൻസ് നിർമ്മിച്ച ഈ ആന്റി ഡ്രോൺ തോക്ക് ഇതിനോടകം തന്നെ വ്യോമസേനയിലും കരസേനയിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കൈകൾകൊണ്ട് നിയന്ത്രിക്കാൻ സാധിക്കുന്ന വജ്ര ഷോട്ടിന് നാല് കിലോമീറ്റർ ദൂരപരിധിയിലുള്ള ഡ്രോണുകൾ കണ്ടെത്താനാകും. ഇവ ജാമിങ്ങിനും സഹായിക്കും. സേനയ്‌ക്കായി ഏകദേശം 200 കോടി രൂപയുടെ ഓർഡറുകൾ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്ന് കമ്പനി പ്രതിനിധി രവി കുമാർ പറഞ്ഞു.
വജ്ര ഷോട്ട് സൈനികർക്ക് കൊണ്ടുനടക്കുന്നതിനും എളുപ്പത്തിൽ ഉപയോഗിക്കുവാനും കഴിയുന്നവിധത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. റാഡറുകൾ നാല് കിലോമീറ്റർ പരിധിയിലുള്ള ഡ്രോണുകൾ കണ്ടെത്തുന്നതോടൊപ്പം ഡ്രോണും അതിന്റെ ഓപ്പറേറ്ററും തമ്മിലുള്ള ആശയവിനിമയത്തെ തടസപ്പെടുത്തുകയും ചെയ്യും. സ്ഥിര ആവൃത്തികളിൽ പ്രവർത്തിക്കുന്ന പരമ്പരാഗത റേഡിയോ ജാമറുകളിൽ നിന്ന് വ്യത്യസ്തമായി വജ്ര ഷോട്ടിന് അതിന്റെ ഔട്ട്പുട്ട് ഫ്രീക്വൻസിയിൽ വ്യത്യാസം വരുത്താൻ കഴിയും.















