നീലേശ്വരം: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിൽ വെടിമരുന്നുപുരയ്‌ക്ക് തീപിടിച്ച് പൊട്ടിത്തെറി ഉണ്ടായത് പടക്കം സൂക്ഷിച്ച ഇടത്തേക്ക് തീപ്പൊരി വീണാണെന്ന് ദൃക്‌സാക്ഷികൾ. പടക്കം സൂക്ഷിച്ചതിന് തൊട്ടടുത്ത് നിന്നാണ് പടക്കം പൊട്ടിച്ചത്. ഇതിന്റെ തീപ്പൊരി ചിതറി പടക്കക്കൂട്ടത്തിനിടയിലേക്ക് വീണതോടെയാണ് വലിയ പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനത്തിൽ കെട്ടിടത്തിന്റെ ഭിത്തിയിൽ വിള്ളൽ വീഴുകയും, ഷീറ്റ് ഇളകി മാറുകയും ചെയ്തു.
സ്‌ഫോടനമുണ്ടായ കെട്ടിടത്തിന് മുന്നിൽ ആളുകൾ കൂടി നിന്നിരുന്നു. മുൻ വർഷങ്ങളിലും ഇതേ സ്ഥലത്ത് തന്നെയാണ് പടക്കങ്ങൾ സൂക്ഷിച്ചിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ക്ഷേത്രം വെടിക്കെട്ട് നടത്തിപ്പിൽ ഗുരുതര വീഴ്ചയുണ്ടായതായി ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പയും വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ പോലും പാലിച്ചിട്ടില്ല. പടക്കം സൂക്ഷിച്ച കലവറയിൽ നിന്ന് തന്നെ പടക്കം പൊട്ടിക്കുകയായിരുന്നു. കലവറയ്‌ക്ക് മുന്നിൽ ആളുകൾ കൂടി നിൽക്കുന്നുണ്ടായിരുന്നു. ഒരു അനുമതിയും തേടിയിട്ടില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി ശിൽപ്പ പറയുന്നു.
പടക്കം പൊട്ടിച്ചതിന് അടുത്ത് തന്നെ പടക്കങ്ങൾ സൂക്ഷിച്ചതാണ് അപകട കാരണമെന്ന് ജില്ലാ കളക്ടറും വ്യക്തമാക്കിയിട്ടുണ്ട്. പടക്കം സൂക്ഷിക്കുന്ന ഇടവും പടക്കം പൊട്ടിക്കുന്ന സ്ഥലവും തമ്മിൽ നൂറ് മീറ്റർ അകലമെങ്കിലും വേണമെന്നാണ് നിയമം. എന്നാൽ ഇത് പരിഗണിക്കാതെ വെറും രണ്ടോ മൂന്നോ അടി മാത്രം അകലെ വച്ചാണ് പടക്കം പൊട്ടിച്ചത്. സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ചതായും കളക്ടർ കെ ഇമ്പശേഖർ പറഞ്ഞു.
അലക്ഷ്യമായി സ്‌ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ക്ഷേത്രം പ്രസിഡന്റും സെക്രട്ടറിയും പൊലീസ് കസ്റ്റഡിയിലുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. വെട്ടിക്കെട്ട് നടന്ന സമയത്ത് ക്ഷേത്രപരിസരത്താകെ ജനം തിങ്ങിക്കൂടി നിൽക്കുകയായിരുന്നു. സ്‌ഫോടനത്തിന് പിന്നാലെ ആളുകൾ ചിതറിയോടി. ഓടുന്നതിനിടയിലും നിരവധി പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപയുടെ പടക്കം പടക്കശാലയിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നുവെന്നും പ്രദേശവാസികളിൽ ഒരാൾ വ്യക്തമാക്കി.















