മുംബൈ: എൻസിപി നേതാവ് ആയിരുന്ന ബാബാ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖിയ്‌ക്ക് വധഭീഷണി മുഴക്കിയ 20കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. മുഹമ്മദ് തയ്യബ് എന്ന ഗുർഫാനെയാണ് നോയിഡയിൽ നിന്നും മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. സീഷൻ സിദ്ദിഖിയ്‌ക്ക് വധഭീഷണി മുഴക്കിയതിന് പിന്നാലെ സൽമാൻ ഖാൻ പണം നൽകണമെന്ന ആവശ്യവും ഇയാൾ മുന്നോട്ട് വച്ചിരുന്നു. പണം നൽകിയില്ലെങ്കിൽ സൽമാനെ വധിക്കുമെന്നും ഇയാൾ ഫോണിലൂടെ ഭീഷണി മുഴക്കുകയായിരുന്നു.
25ാം തിയതി സീഷൻ സിദ്ദിഖിയുടെ ഓഫീസിലേക്കാണ് പുതിയ ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്. പിന്നാലെ സീഷൻ സിദ്ദിഖിയുടെ ഓഫീസ് ജീവനക്കാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കോളുകൾ ലഭിച്ചത്. ബിഷ്‌ണോയ് സംഘാംഗങ്ങൾ മഹാരാഷ്‌ട്ര മുൻ മന്ത്രി കൂടിയായിരുന്ന ബാബാ സിദ്ദിഖിയെ വെടിവച്ച് കൊലപ്പെടുത്തി ദിവസങ്ങൾക്കുള്ളിലായിരുന്നു ഈ സന്ദേശവും വന്നത്.
ഫോൺ കോളുകൾ ഉൾപ്പെടെ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ശേഷം വിശദമായ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെ മുംബൈയിൽ എത്തിച്ചിട്ടുണ്ട്. ഗുർഫാനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. സീഷൻ സിദ്ദിഖി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നതിന് പിന്നാലെയാണ് വധഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.















