ട്രയംഫ് 2025 ടൈഗർ 1200 ശ്രേണി ഇന്ത്യയിൽ അവതരിപ്പിച്ചു. ജിടി പ്രോ, ജിടി പ്രോ എക്സ്പ്ലോറർ, റാലി പ്രോ, റാലി പ്രോ എക്സ്പ്ലോറർ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഈ സ്റ്റൈലിഷ് ബൈക്ക് എത്തിയിരിക്കുന്നത്. 19.39 ലക്ഷമാണ് ബൈക്കിന്റെ എക്സ് ഷോറൂം വില. ടൈഗർ 1200 ജിടി പ്രോ 19-18 ഇഞ്ച് അലോയ് വീൽ കോമ്പിനേഷനോട് കൂടിയ റോഡ്-ബയേസ്ഡ് ഓഫറാണ്. റാലി പ്രോ പതിപ്പ് 21-18 ഇഞ്ച് ട്യൂബ്ലെസ് സ്‌പോക്ക് വീലുകളോട് കൂടിയ ഓഫ്-റോഡ് പതിപ്പും. രണ്ട് മോഡലുകളുടെയും എക്സ്പ്ലോറർ ട്രിമ്മുകൾക്ക് പ്രോ വേരിയൻ്റുകളിലെ 20 ലിറ്റർ ടാങ്കിന് പകരം 30 ലിറ്റർ ഇന്ധന ടാങ്ക് ലഭിക്കും.
ക്രാങ്ക്ഷാഫ്റ്റ്, ആൾട്ടർനേറ്റർ റോട്ടർ, ബാലൻസർ എന്നിവ ട്വീക്ക് ചെയ്യുന്നതിലൂടെ നേടിയെടുത്ത ലോ-എൻഡ് ട്രാക്റ്റബിലിറ്റിയും പ്രതികരണശേഷിയും നൽകുമെന്ന് അവകാശപ്പെടുന്ന, ടി-പ്ലേസ് ക്രാങ്കുള്ള ഒരു സാധാരണ 1,160 സിസി, ഇൻലൈൻ ത്രീ-സിലിണ്ടർ എഞ്ചിനാണ് ബൈക്കിന്റെ എല്ലാ വകഭേദങ്ങളും പവർ ചെയ്യുന്നത്. ഇത് 9,000 ആർപിഎമ്മിൽ 150 ബിഎച്ച്പി പവറും 7,000 ആർപിഎമ്മിൽ 130 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. മാത്രമല്ല, സുഗമമായ ഗിയർ ഷിഫ്റ്റുകൾ നൽകുന്നതിനായി ക്ലച്ചും ട്വീക്ക് ചെയ്തിട്ടുണ്ട്.
യാത്ര സൗകര്യവും മെച്ചപ്പെടുത്താനും ട്രയംഫ് ശ്രമിച്ചിട്ടുണ്ട്. കൂടുതൽ ഇടം നൽകുന്ന സീറ്റുകൾ നൽകിയിരിക്കുന്നു. എക്‌സ്‌പ്ലോറർ ട്രിമ്മുകളിൽ നിന്നുള്ള ഹാൻഡിൽബാറുകളും റീസറുകളും പ്രോ മോഡലുകൾക്ക് നൽകിയിട്ടുണ്ട്. ക്ലച്ച് ലിവർ ദൈർഘ്യമേറിയതാക്കി മാറ്റിയിട്ടുണ്ട്. റൈഡർമാർക്ക് സാഡിൽ ഉയരം 20 എംഎം കുറയ്‌ക്കുന്ന ആക്സസറി ലോ സീറ്റും തിരഞ്ഞെടുക്കാം. കൂടാതെ, ഫുട്‌പെഗ് പൊസിഷൻ മാറ്റി ജിടി പ്രോ, ജിടി എക്സ്പ്ലോറർ വേരിയൻ്റുകളുടെ ഗ്രൗണ്ട് ക്ലിയറൻസ് വർദ്ധിപ്പിച്ചു. മൊത്തത്തിലുള്ള സുഖം വർദ്ധിപ്പിക്കുന്നത് ആക്റ്റീവ് പ്രീലോഡ് റിഡക്ഷൻ ഫീച്ചറാണ്. ഇത് റൈഡർ വേഗത കുറയ്‌ക്കുമ്പോൾ പിൻ സസ്‌പെൻഷൻ പ്രീലോഡ് 20 എംഎം വരെ കുറയ്‌ക്കുന്നു.
IMU ഉപയോഗിച്ചുള്ള കോർണറിംഗ് ട്രാക്ഷൻ കൺട്രോൾ, ആറ് റൈഡിംഗ് മോഡുകൾ, ഒരു കീലെസ്സ് ഇഗ്നിഷൻ സിസ്റ്റം, ഷിഫ്റ്റ് അസിസ്റ്റ്, അഡാപ്റ്റീവ് കോർണറിംഗ് ലൈറ്റുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള ഏഴ് ഇഞ്ച് TFT സ്‌ക്രീൻ എന്നിവയാണ് മറ്റ് സവിശേഷതകൾ. ജിടി എക്‌സ്‌പ്ലോറർ, റാലി എക്‌സ്‌പ്ലോറർ മോഡലുകളിൽ ടിപിഎംഎസിനൊപ്പം ഹീറ്റഡ് ഗ്രിപ്പുകളും സീറ്റുകളും ട്രയംഫ് സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നു.















