തുംകുരു: സെൽഫിയെടുക്കുന്നതിനിടെ കാൽതെറ്റി ഒഴുക്കിൽപ്പെട്ടു പാറയിടുക്കിൽ വീണ വിദ്യാർത്ഥിനിയെ 20 മണിക്കൂറുകൾക്കു ശേഷം രക്ഷപെടുത്തി. കർണാടകയിലെ തുംകൂരു ജില്ലയിലെ ഗുബ്ബി താലൂക്കിലെ ശിവരാംപൂർ സ്വദേശിയായ സോമനാഥിന്റെ മകൾ ഹംസയാണ് ഈ “മഞ്ഞുമ്മൽ ഗേൾ. എസ്ഐടി കോളജിൽ എൻജിനീയറിങ് വിദ്യാർത്ഥിനിയാണ് ഇവർ.
ഞായറാഴ്ച അവധിയായതിനാൽ സുഹൃത്ത് കീർത്തനയ്‌ക്കൊപ്പം മന്ദരഗിരിക്ക് സമീപമുള്ള മൈദാല തടാക പ്രദേശത്തേക്ക് യാത്ര പോയിരുന്നു. മന്ദരഗിരി മലനിരകളിൽ സെൽഫിയെടുക്കുന്നതിനിടെ കാൽ തെറ്റി താഴെ വീഴുകയായിരുന്നു.സെൽഫിയെടുക്കാൻ പോയ ഇവർ മൈദാല തടാകത്തിലെക്ക് ഒഴുകിപ്പതിക്കുന്ന ഒരു കൊച്ചരുവിയിലെ പാറക്കെട്ടിൽ കുടുങ്ങി. ഹംസ മലയിടുക്കിലേക്ക് തെന്നി വീഴുകയും പാറകൾക്കിടയിൽ അപ്രത്യക്ഷമാകുകയും ചെയ്യുന്നത് കണ്ട സുഹൃത്ത് കീർത്തന സ്ഥലവാസികളെ വിവരം അറിയിച്ചു. പിന്നീട് കീർത്തന ഹംസയുടെ മാതാപിതാക്കളെ വിളിച്ചു, അവർ പോലീസിൽ വിവരമറിയിച്ചു.
ഡിവൈഎസ്പി ചന്ദ്രശേഖർ, ക്യാത്‌സന്ദ്ര പിഎസ്ഐ ചേതൻകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും അഗ്നിശമന സേനയും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. ഫയർഫോഴ്‌സും പോലീസും രാത്രി വൈകിയും രക്ഷാപ്രവർത്തനം നടത്തിയെങ്കിലും പതിനഞ്ചടിയോളം താഴ്ചയിലുള്ള പാറക്കെട്ടിനിടയിൽ ഹംസ കുടുങ്ങിയ സ്ഥലത്ത് എത്താൻ കഴിഞ്ഞില്ല.അതുവഴി വെള്ളം ഒഴുകുന്നതിനാൽ അവളെ കണ്ടെത്താനും രക്ഷിക്കാനും പ്രയാസമായിരുന്നു. അവർ കുടുങ്ങിക്കിടന്ന പാറയിടുക്കിൽ വെള്ളം കയറാതിരിക്കാൻ മുകളിൽ മണൽ ചാക്കുകൾ അടുക്കി തോട്ടിലെ വെള്ളം തിരിച്ചുവിട്ടു. ഞായറാഴ്ച രാത്രി വൈകി നിർത്തിവെച്ച രക്ഷാപ്രവർത്തനം തിങ്കളാഴ്ച രാവിലെ മുതൽ പുനരാരംഭിച്ചു. മണൽചാക്കുകൾ ഇട്ട് നീരൊഴുക്ക് പരിമിതപ്പെടുത്തിയപ്പോൾ ഹംസയുടെ നിലവിളി കേൾക്കാമായിരുന്നു.
ഇന്നലെ ഉച്ചയ്‌ക്ക് 12:00 മണിയോടെ 20 അടി വരെ താഴ്ചയിൽ പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ ഹംസയെ ജീവനോടെ രക്ഷപ്പെടുത്തി. അതിനിടെ ഏകദേശം 20 മണിക്കൂറോളം അവർ പാറക്കെട്ടിൽ കുടുങ്ങിക്കിടന്നു. ഹംസയ്‌ക്ക് ശരീരത്തിൽ ചില ചതവുകൾ ഉണ്ടായിട്ടുണ്ടെങ്കിലും മറ്റു കുഴപ്പങ്ങൾ ഒന്നുമില്ല. തുംകുരു ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന ഹാമസ്തയുടെ നില തൃപ്തികരമാണ്.പത്തിലധികം സേനാംഗങ്ങൾ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു.