ന്യൂഡൽഹി: ഇത്തവണത്തെ ദീപാവലി ഏറെ സവിശേഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നീണ്ട 500 വർഷങ്ങൾക്ക് ശേഷമാണ് ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയിൽ ദീപാവലി ആഘോഷിക്കുന്നത്. ഇത്തരമൊരു ദീപാവലിക്ക് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞ എല്ലാവരും ഭാഗ്യവാന്മാരാണ്, പ്രധാനമന്ത്രി പറഞ്ഞു. റോസ്ഗാർ മേളയിൽ വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ധൻതേരസ് ആശംസിച്ച് കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ” രണ്ട് ദിവസത്തിനുള്ളിൽ എല്ലാവരും ദീപാവലി ആഘോഷിക്കും, ഈ വർഷത്തെ ദീപാവലി സവിശേഷമാണ്. 500 വർഷങ്ങൾക്ക് ശേഷം, ഭഗവാൻ ശ്രീരാമൻ അയോദ്ധ്യയിലെ ഭവ്യ മന്ദിരത്തിൽ ദീപാവലി ആഘോഷിക്കും. ഇത്തരം സവിശേഷവും മഹത്തായതുമായ മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ കഴിഞ്ഞ എല്ലാവരും ഭാഗ്യവാന്മാരാണ്, പ്രധാനമന്ത്രി പറഞ്ഞു. റോസ്ഗർ മേളയ്‌ക്ക് കീഴിൽ 51,000 പേർക്ക് പ്രധാനമന്ത്രി നിയമന കത്ത് കൈമാറി.
പ്രൗഢ ഗംഭീരമായ ദീപാവലി ആഘോഷത്തിനാണ് അയോദ്ധ്യ തയ്യാറെടുക്കുന്നത്. സരയൂ നദിയുടെ തീരത്ത് 25 മുതൽ 28 ലക്ഷം വരെ ചിരാതുകൾ തെളിയിച്ച് പുതിയ ലോക റെക്കോർഡ് സൃഷ്ടിക്കാനാണ് യുപി സർക്കാരിന്റെ ശ്രമം. പരിസ്ഥിതി സൗഹൃദ വിളക്കുകൾ മാത്രമാണ് പ്രകാശിപ്പിക്കുക. ഒക്ടോബർ 29 മുതൽ നവംബർ 1 വരെ അർദ്ധരാത്രി വരെ ക്ഷേത്രം ദർശനവുമുണ്ട്.















