മംഗളഗിരി: ആന്ധ്രാ ഉപമുഖ്യമന്ത്രി പവൻ കല്യാണിനെ സന്ദർശിച്ച് ആർ പാർത്ഥിപൻ. ഒക്‌ടോബർ 27-ന് ഞായറാഴ്ച പവൻ കല്യാണിന്റെ മംഗളഗിരിയിലെ ഓഫീസിൽ വെച്ചായിരുന്നു സന്ദർശനമെന്ന് റിപ്പോർട്ടുകൾ പറയുന്നു. അവരുടെ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ തമിഴ് തെലുങ്ക് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കൂടിക്കാഴ്ചയ്‌ക്ക് പിന്നിലെ കാരണം അറിയാനുള്ള ആകാംക്ഷ പല ആരാധകരും പങ്കുവെച്ചെങ്കിലും കേവലം സ്വകര്യ സന്ദർശനമാണെന്നാണ് പാർത്ഥിപൻ പറയുന്നത്.
സന്ദർശന വേളയിൽ പാർത്ഥിപൻ പവൻ കല്യാണിന് വിഗ്രഹങ്ങളും പുസ്തകങ്ങളും മറ്റ് സമ്മാനങ്ങളും സമ്മാനിച്ചു. ഇരുവരുമൊന്നിച്ചുള്ള ചിത്രങ്ങൾ ജനസേന പാർട്ടിയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. “പ്രശസ്ത സിനിമാ നടൻ ശ്രീ പാർത്ഥിപൻ സംസ്ഥാന ഉപമുഖ്യമന്ത്രി ശ്രീ പവൻ കല്യാൺ ഗാരുവിനെ സന്ദർശിച്ചു. ഞായറാഴ്ച വൈകീട്ട് മംഗളഗിരിയിലെ ഉപമുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിലായിരുന്നു കൂടിക്കാഴ്ച.” എന്നാണ് ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ തെലുങ്കിൽ എഴുതിയ അടിക്കുറിപ്പ് സൂചിപ്പിക്കുന്നത്.
രണ്ട് പേർക്കും പിന്തുണ പ്രകടിപ്പിച്ചുകൊണ്ട് നിരവധി ആരാധകരാണ് രംഗത്തു വന്നിട്ടുള്ളത്. തമിഴ് രാഷ്‌ട്രീയത്തിലും ഇടപെട്ടുകൊണ്ട് അഭിപ്രായം പറയുന്ന ജനസേന തലവനെ പാർത്ഥിപൻ സന്ദർശിച്ചത് രാഷ്‌ട്രീയ വൃത്തങ്ങളിൽ കൗതുകമുണർത്തിയിട്ടുണ്ട്.