തിരുവനന്തപുരം: ഭാരതം വൈകാതെ തന്നെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറുമെന്ന് കേന്ദ്രമന്ത്രി ചിരാഗ് പസ്വാൻ. എല്ലാ മേഖലയിലും കേന്ദ്രസർക്കാർ പ്രത്യേക പരിഗണന നൽകുന്നുണ്ടെന്നും വികസനത്തിന്റെ തുടർച്ചയാണ് റോസ്ഗർ മേളയെന്നും
ചിരാഗ് പാസ്വാൻ പറഞ്ഞു. തിരുവനന്തപുരത്ത് തൈക്കാട് രാജീവ് ഗാന്ധി സെന്‍റർ ഫോർ ബയോടെക്നോളജിയിൽ നടന്ന റോസ്ഗർ മേളയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിൽ സൃഷ്ടിക്കുന്നതിൽ റോസ്ഗർ മേളയുടെ പങ്ക് വളരെ വലുതാണ്. യുവാക്കൾക്ക് തൊഴിൽ നൽകുക എന്നതിനോടൊപ്പം ശക്തമായ ഇന്ത്യയെ കെട്ടിപ്പടുക്കുക എന്നതാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം. വികസനം, യുവത്വം എന്നിവയോടുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിബദ്ധതയിലേക്കുള്ള ചുവടുവയ്പ്പാണിത്.
യുവാക്കളുടെ ശാക്തീകരണത്തിനും രാഷ്‌ട്ര വികസനത്തിൽ അവരുടെ പങ്കാളിത്തത്തിനും റോസ്ഗാർ മേള ഒരു ശക്തിയായി നിലനിൽക്കുന്നു. രാജ്യത്തെ ഉയർച്ചയിലേക്ക് കൊണ്ടുപോകാൻ റോസ്ഗർ മേള സഹായിക്കുന്നുണ്ട്. 2047-ൽ രാജ്യം വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കുമ്പോൾ രാജ്യത്തെ പൗരന്മാരും നേട്ടത്തിന്റെ ഭാഗമാകും. അമൃത കാലമെന്ന മനോഹരമായ കാലഘട്ടത്തിലാണ് ഉദ്യോഗാർത്ഥികൾ കേന്ദ്ര സർക്കാരിന്റെ ഭാഗമാകുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇപ്പോൾ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയിരിക്കുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിംഗ് വഴി നിയമന ഉത്തരവുകൾ വിതരണം ചെയ്തു. ഒരു വർഷത്തിനുള്ളിൽ പത്ത് ലക്ഷം തസ്തികകളിൽ നിയമനം നടത്തുക എന്നതാണ് റോസ്ഗർ മേളയുടെ പ്രധാന ലക്ഷ്യം.