ചെന്നൈ:ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണരീതി ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഹർജിയിൽ സർക്കാരിനോട് പ്രതികരിക്കാനാവശ്യപ്പെട്ട് ഹൈക്കോടതി
സർക്കാർ പരിപാടികളിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ തമിഴ് സാംസ്കാരിക വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ഹൈക്കോടതിയിൽ സത്യകുമാർ എന്ന അഭിഭാഷകനാണ് ഹർജി നൽകിയത്. സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്കുള്ള ഡ്രസ് കോഡ് പാലിക്കാൻ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനോട് നിർദേശിക്കണമെന്നു ഹർജിയിൽ പറയുന്നു.
“തമിഴ് ഭാഷയെയും സംസ്‌കാരത്തെയും പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞാണ് 1949ൽ ഡിഎംകെ ആരംഭിച്ചത് . ഇതിന്റെ അടിസ്ഥാനത്തിലാണ് 1967ൽ തമിഴ്‌നാട്ടിൽ ഡിഎംകെ അധികാരത്തിലെത്തിയത്. അന്നത്തെ മുഖ്യമന്ത്രി അണ്ണാ ദുരൈയും ഡിഎംകെ നേതാക്കളും തങ്ങളുടെ പാർട്ടി എക്‌സിക്യൂട്ടീവുകൾ തമിഴ് സംസ്‌കാരത്തിനനുസരിച്ചുള്ള വസ്ത്രം ധരിക്കണമെന്ന് നിർബന്ധിച്ചിരുന്നു.
അദ്ദേഹത്തിന്റെ പിൻഗാമിയായി മുഖ്യമന്ത്രിയായ കരുണാനിധിയും അത് പിന്തുടർന്നു. നിലവിൽ പ്രധാനമന്ത്രിയായ എം.കെ.സ്റ്റാലിൻ തമിഴ് സാംസ്കാരിക വസ്ത്രമാണ് ധരിക്കുന്നത്. 2021ൽ എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ട ഉദയനിധി സ്റ്റാലിൻ 2022ൽ മന്ത്രിയായി. കഴിഞ്ഞ സെപ്തംബർ മുതൽ ഉപമുഖ്യമന്ത്രിയാണ്. പക്ഷേ, തമിഴ് സംസ്‌കാരത്തിനനുസരിച്ചല്ല അദ്ദേഹം വസ്ത്രം ധരിക്കുന്നത്. ജീൻസും ടീ ഷർട്ടും പോലുള്ള കാഷ്വൽ വസ്ത്രങ്ങൾ ധരിച്ചാണ് അദ്ദേഹം എല്ലാ സർക്കാർ പരിപാടികളിലും പങ്കെടുക്കുന്നത്.
2019 ജൂൺ ഒന്നിന് തമിഴ്‌നാട് സർക്കാർ, സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് ഡ്രസ് കൺട്രോൾ കോഡ് ഏർപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചു ഇതിൻ പ്രകാരം ഉപമുഖ്യമന്ത്രി ഇത്തരം വസ്ത്രം ധരിക്കാൻ പാടില്ല. എന്നാൽ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ സർക്കാർ പരിപാടികളിൽ പങ്കെടുക്കുന്നത് ജീൻസ് പാൻ്റും ടീ ഷർട്ടും ധരിച്ചാണ്. ഭരണഘടനയനുസരിച്ച് അദ്ദേഹം ഈ സംസ്ഥാനത്തിന്റെ പ്രതിനിധിയാണ്. അത്തരമൊരു മാന്യമായ സ്ഥാനം വഹിക്കുന്ന ഒരാൾ അത്തരം കാഷ്വൽ വസ്ത്രങ്ങൾ ധരിക്കരുത്. അതിനാൽ, 2019 ലെ ഉത്തരവ് അനുസരിച്ച്, സർക്കാർ പരിപാടികളിൽ പങ്കെടുക്കുമ്പോൾ തമിഴ് സാംസ്കാരികവും ഔപചാരികവുമായ വസ്ത്രങ്ങൾ ധരിക്കാൻ ഉദയനിധി സ്റ്റാലിനോട് നിർദ്ദേശിക്കണം” ഹർജിയിൽ പറയുന്നു.
“ഉദയനിധിയുടെ ടി-ഷർട്ടുകളിൽ പലപ്പോഴും തന്റെ പാർട്ടി-ഡിഎംകെയുടെ ചിഹ്നം ഉണ്ടായിരുന്നു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ സർക്കാർ യോഗങ്ങളിൽ ഒരു പ്രത്യേക രാഷ്‌ട്രീയ പാർട്ടി ചിഹ്നം പ്രദർശിപ്പിക്കുന്നതിൽ നിന്ന് അദ്ദേഹം വിലക്കപ്പെട്ടിരിക്കുന്നു. തന്റെ പാർട്ടി ചിഹ്നം കൊട്ടിഘോഷിച്ചും ബ്രാൻഡ് ചെയ്തും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ വോട്ടർമാരാകാൻ സാധ്യതയുള്ള പൊതുജനങ്ങളെ ഉദയനിധി പരോക്ഷമായി സ്വാധീനിക്കുകയാണ്”. ഹർജിയിൽ പറയുന്നു
തമിഴ്നാട് സർക്കാർ ഓർഡിനൻസ് സർക്കാർ ജീവനക്കാർക്ക് മാത്രമേ ബാധകമാകൂവെന്ന് തമിഴ്നാട് സർക്കാർ അഡ്വക്കേറ്റ് ജനറൽ പി എസ് രാമൻ വിശദീകരിച്ചു. എന്നാൽ വാദം കേട്ട ജസ്റ്റിസുമാരായ കൃഷ്ണകുമാറിന്റെയും ബാലാജിയുടെയും ബെഞ്ച് കൃത്യമായ മറുപടി ബോധിപ്പിക്കാൻ തമിഴ്നാട് സർക്കാരിനോട് ഉത്തരവിട്ടു.
“സർക്കാർ ജീവനക്കാരുടെ ഡ്രസ് കോഡ് സംബന്ധിച്ച ഓർഡിനൻസ് ഭരണഘടനാ പദവികൾ വഹിക്കുന്നവർക്കും ബാധകമാണോ..? രാഷ്‌ട്രീയ പദവികൾ വഹിക്കുന്നവർക്ക് ഡ്രസ് കോഡ് ഉണ്ടോ? ” ഈ വിഷയങ്ങളിൽ തമിഴ്‌നാട് സർക്കാർ മറുപടി നൽകാൻ ഉത്തരവിട്ട കോടതി വാദം കേൾക്കുന്നത് അടുത്ത ആഴ്ചത്തേക്ക് മാറ്റി.