രത്തൻ ടാറ്റ പണം കടം വാങ്ങിയ സന്ദർഭം പങ്കുവെച്ച് അമിതാഭ് ബച്ചൻ. കോൻ ബനേഗാ ക്രോർപതി സീസൺ 16 -ന്റെ ഒരു എപ്പിസോഡിലാണ് അദ്ദേഹം വർഷങ്ങൾക്ക് മുൻപുള്ള ആ ദിവസത്തെ കുറിച്ച് സംസാരിച്ചത്.
വർഷങ്ങൾക്ക് മുമ്പ് ലണ്ടനിലേക്കുള്ള വിമാനയാത്രയിൽ രത്തൻ ടാറ്റയും കൂടെയുണ്ടായിരുന്നു. ഹീത്രൂ എയർപോർട്ടിൽ ഇറങ്ങിയപ്പോൾ അദ്ദേഹത്തിന് തന്റെ സഹായിയെ കണ്ടെത്താൻ സാധിച്ചില്ല. അന്ന് മൊബൈലൊന്നും പ്രചാരത്തിലില്ലാത്ത കാലമാണ്. അദ്ദേഹം ഉടൻ ഫോൺ ചെയ്യാനായി ടെലിഫോൺ ബൂത്തിലേക്ക് പോയി. ഞാൻ അപ്പോഴും ലഗേജിനായി നിൽക്കുകയായിരുന്നു. അധികം വൈകാതെ ടാറ്റ എന്റെ അടുത്തേക്ക് തിരികെ വന്നു. അദ്ദേഹം അന്ന് അദ്ദേഹം പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല – ‘അമിതാഭ്, എനിക്ക് കുറച്ച് പണം കടം തരാമോ? ഒരു ഫോൺ വിളിക്കാൻ എന്റെ കയ്യിൽ കാശില്ല, അമിതാഭ് ബച്ചൻ പറഞ്ഞു.
രത്തൻ ടാറ്റയും ബച്ചനും വ്യക്തിപരമായ ബന്ധത്തിന് പുറമേ പ്രൊഫഷണൽ ബന്ധമുണ്ടായിരുന്നു. ടാറ്റയുടെ നിർമ്മാണ കമ്പനിയായ ടാറ്റ ഇൻഫോമീഡിയ ലിമിറ്റഡ്, ബച്ചൻ അഭിനയിച്ച ചിത്രമായ ഏത്ബാറിന് പണം നൽകിയിരുന്നു. ചിത്രം ബോക്‌സോഫീസിൽ പരാജയപ്പെട്ടു, ടാറ്റ ഗ്രൂപ്പിന് ഏകദേശം 3.5 കോടി നഷ്ടമാവുകയും ചെയ്തു.