മുംബൈ: ഇന്ത്യൻ സംസ്കാരവും സാങ്കേതികവിദ്യയും നേരിട്ട് കണ്ടറിഞ്ഞും ആസ്വദിച്ചും സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചസും ഭാര്യ ബിഗോണ ഗോമസും. കഴിഞ്ഞ ദിവസം രാത്രി മുംബൈയിൽ നടന്ന ദീപാവലി ആഘോഷങ്ങളിൽ ഇരുവരും പങ്കെടുത്തു. ചെരാതുകൾ തെളിയിച്ചും പൂത്തിരി കത്തിച്ചും അവർ ആഘോഷത്തിൽ പങ്കാളികളായി. ലഡ്ഡു ഉൾപ്പെടയുള്ള രുചികരമായ മധുരപലഹാരങ്ങൾ ഇരുവരും ആസ്വദിച്ചു കഴിച്ചു.

നേരത്തെ മുംബൈയിലെ കടയിൽ നിന്നും ഗണേശ വിഗ്രഹം വാങ്ങിയ ശേഷം യുപിഐ വഴി പണമിടപാട് നടത്തുന്ന പെദ്രോ സാഞ്ചസിന്റെ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഒരു ഇന്ത്യൻ പ്രതിനിധിയുടെ സഹായത്തോടെയാണ് അദ്ദേഹം യുപിഐ മുഖേന പണം നൽകിയത്.
President of the Government of Spain, Pedro Sanchez uses UPI transaction to buy a Ganesh statue in Mumbai pic.twitter.com/bB37nj3r3p
— ANI (@ANI) October 29, 2024

മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് പെദ്രോ സാഞ്ചസ് ഇന്ത്യയിലെത്തിയത്. ഇന്ന് മുംബൈയിൽ നടക്കുന്ന പൊതുപരിപാടിയിൽ പങ്കെടുത്ത ശേഷം നാളെ പ്രധാനമന്ത്രിയും ഭാര്യയും സ്പെയിനിലേക്ക് മടങ്ങും. നേരത്തെ, ഗുജറാത്തിലെ വഡോദരയിലെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് (ടിഎഎസ്എൽ) കാമ്പസിൽ സി-295 വിമാനങ്ങൾ നിർമ്മിക്കുന്നതിനുള്ള ടാറ്റ എയർക്രാഫ്റ്റ് കോംപ്ലക്സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാഞ്ചസും സംയുക്തമായി ഉദ്ഘാടനം ചെയ്തിരുന്നു.















