ന്യൂഡൽഹി: ആയുഷ്മാൻ ഭാരത് പദ്ധതി വിപുലീകരിച്ചതിലൂടെ 70 തികഞ്ഞ എല്ലാവർക്കും 5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്ന കേന്ദ്രസർക്കാർ പദ്ധതി രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളിൽ നടപ്പിലാകില്ല. ഡൽഹി, ബംഗാൾ സർക്കാരുകൾ സഹകരിക്കാത്തതിനെ തുടർന്നാണ് ഇരുസംസ്ഥാനങ്ങളിലെയും ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കാതെ പോകുന്നത്. അതത് സംസ്ഥാന സർക്കാരുകളുടെ പിടിവാശിയും രാഷ്‌ട്രീയ താത്പര്യവും കാരണം AB PM-JAY പദ്ധതിയുടെ ഗുണഭോക്താക്കളാകാൻ കഴിയാതെ പോയ ബംഗാളിലെയും ഡൽഹിയിലെയും മുതിർന്ന പൗരന്മാർ തന്നോട് ക്ഷമിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
ബംഗാളിലെയും ഡൽഹിയിലെയും വയോധികർ തന്നോട് ക്ഷമിക്കണം. നിങ്ങളെ സേവിക്കാൻ തനിക്ക് കഴിഞ്ഞില്ല. ആയുഷ്മാൻ യോജനയിൽ പങ്കാളിയാകാൻ ഡൽഹി, ബംഗാൾ സർക്കാരുകൾ തയ്യാറല്ല. രാഷ്‌ട്രീയ കാരണങ്ങൾ ചൂണ്ടിക്കാട്ടി ആയുഷ്മാൻ ഭാരതിനോട് മുഖംതിരിച്ചവരാണ് ഇരുസർക്കാരുകളും. അതിനാൽ അവിടെ പദ്ധതി നടപ്പിലാക്കാൻ കഴിയില്ലെന്ന് പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയ താത്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിന് വേണ്ടി സ്വന്തം സംസ്ഥാനത്തെ രോഗികളുടെ പ്രശ്നങ്ങൾ കണ്ടില്ലെന്ന് നടിക്കുന്ന പ്രവൃത്തി മനുഷ്യത്വവിരുദ്ധമാണ്. അതുകൊണ്ടാണ് ബംഗാളിലെയും ഡൽഹിയിലെയും വയോധികരോട് താൻ ക്ഷമ ചോദിക്കുന്നതെന്നും മോദി വ്യക്തമാക്കി.
2018-ലായിരുന്നു മോദി സർക്കാർ ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലുള്ളവർക്ക് 5 ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതായിരുന്നു പദ്ധതി. ഇതിൽ 60 ശതമാനം തുക കേന്ദ്രവും ശേഷിക്കുന്ന 40 ശതമാനം സംസ്ഥാനവും നൽകണം. എന്നാൽ സംസ്ഥാന സർക്കാർ ഫണ്ട് നൽകുന്നതിനാൽ പദ്ധതി മുഖ്യമന്ത്രിയുടെ പേരിൽ നടപ്പിലാക്കുകയുള്ളൂവെന്ന പിടിവാശിയിലായിരുന്നു ഡൽഹി, ബംഗാൾ സർക്കാരുകൾ. അല്ലെങ്കിൽ 40 ശതമാനം തുക നൽകാൻ കഴിയില്ലെന്നായിരുന്നു നിലപാട്. ഇതോടെയാണ് ഇരുസ്ഥലങ്ങളിലും പദ്ധതി നടപ്പാകാതെ പോയത്.















