ലോകത്തിലെ ഏറ്റവും വലിയ തടിയൻ പൂച്ചയ്‌ക്ക് വിട. ശരീരഭാരം കുറയ്‌ക്കാൻ ഡയറ്റ് തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് ക്രമ്പ്സ് എന്ന റഷ്യൻ പൂച്ചയുടെ ദാരുണാന്ത്യം. റഷ്യൻ ഹോസ്പിറ്റലിന്റെ ബേസ്‌മെന്റിൽ നിന്നും രക്ഷപ്പെടുത്തിയ പൂച്ചയുടെ ഭാരം കുറയ്‌ക്കാനായി ഡയറ്റ് തുടങ്ങിയ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.
സൂപ്പും ഭക്ഷണാവശിഷ്ടങ്ങളും വിസ്‌കിയും ബിസ്കറ്റുമെല്ലാം കഴിച്ചിരുന്ന ക്രമ്പ്സിന്റെ ശരീരഭാരം 17 കിലോ ആയിരുന്നു. ഓടാൻ പോയിട്ട് നേരെ നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു പൂച്ച. ഡയറ്റ് തുടങ്ങിയ ശേഷം വളരെ നല്ല മാറ്റം പ്രകടമായിരുന്നു. ഏകദേശം മൂന്ന് കിലോയോളം കുറയ്‌ക്കാനുമായി. എന്നാൽ പെട്ടന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലമാണ് പൂച്ചയ്‌ക്ക് ജീവൻ നഷ്ടപ്പെട്ടതെന്ന് പരിപാലകർ പറയുന്നു.
ആന്തരികാവയവങ്ങളിൽ ക്യാൻസർ മുഴകൾ വളരുന്നുണ്ടെന്ന് കണ്ടെത്തിയതായി മൃഗഡോക്ടർമാർ പറഞ്ഞു. ഒന്നിലധികം അവയവങ്ങൾ പ്രവർത്തനരഹിതമാവുകയും ചെയ്തിരുന്നു. ക്രമ്പ്സിന് ശ്വാസതടസ്സമോ ദഹനപ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. ആരോഗ്യം വഷളാകുന്നതിന്റെ ലക്ഷണങ്ങളൊന്നും പൂച്ച കാണിച്ചിരുന്നില്ലെന്നും ക്രമ്പ്സിനെ പരിപാലിച്ച കാറ്റ് ഷെൽട്ടർ ഉടമ പറഞ്ഞു.















