ബസ്തർ: ഛത്തീസ്ഗഡിലെ ബസ്തറിൽ 19 മാവോയിസ്റ്റുകൾ അറസ്റ്റിൽ. പൊലീസ് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് വൻ മാവോയിസ്റ്റ് വേട്ട. ജഗർഗുണ്ട പൊലീസ് സ്റ്റേഷൻ ഏരിയയിൽ നിന്ന് 14 പേരും ഭേജി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് അഞ്ച് പേരുമാണ് പിടിയിലായത്. കൊണ്ട ഏരിയ കമ്മിറ്റി ഓഫ് സിപിഐ (മാവോയിസ്റ്റ്) യുടെ കീഴിൽ വരുന്ന മേഖലയാണിത്. മൂന്ന് ജെലാറ്റിൻ റോഡുകൾ, 300 ഗ്രാം വെടിമരുന്ന്, കോർഡെക്സ് വയർ, ഡിറ്റോണേറ്റർ, ഇലക്ട്രിക് വയറുകൾ, ബാറ്ററികൾ എന്നിവയും പൊലീസ് കണ്ടെടുത്തു.
ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡ് (DRG), സിആർപിഎഫിന്റെ 219, 150 ബറ്റാലിയനുകളിലെ ഉദ്യോഗസ്ഥർ, കോബ്ര യൂണിറ്റിന്റെ 201-ാം ബറ്റാലിയൻ എന്നിവർ ചേർന്ന് നടത്തിയ സംയുക്ത നക്സൽ വിരുദ്ധ ഓപ്പറേഷനിലാണ് മാവോയിസ്റ്റുകളെ പിടികൂടിയത്. ബസ്തറിന്റെ വിവിധ ഭാഗങ്ങളിൽ ഓപ്പറേഷൻ നടത്തിയിരുന്നു.
ജഗർഗുണ്ടയിൽ നിന്ന് പിടിയിലായ 14 പേർ 18നും 40നും ഇടയിൽ പ്രായമുള്ളവരാണ്. ഇവരിൽ മൂന്ന് പേരുടെ തലയ്‌ക്ക് ഒരു ലക്ഷം രൂപ വീതം പൊലീസ് വിലയിട്ടിരുന്നു. കമാൻഡർ ബർസെ ഹദ്മ (25), ബർസെ നാഗേഷ് (20), ഹെംല ജിതു (18) എന്നിവരാണിത്. ഭേജിൽ നിന്ന് അറസ്റ്റിലായ അഞ്ച് മാവോയിസ്റ്റുകൾ ഭന്ദർപദർ ഗ്രാമവാസിയെ കൊന്നകേസിലെ പ്രതികളാണ്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു കൊലപാതകം നടന്നത്.