തിരുവനന്തപുരം: ലോക സ്‌ട്രോക്ക് ദിനത്തോടനുബന്ധിച്ച് ‘കിക്ക് ഫാസ്റ്റ്’ ബോധവൽക്കരണ കാമ്പയ്‌ന് തുടക്കം കുറിച്ച് തിരുവനന്തപുരം കിംസ് ഹെൽത്ത്. ആശുപത്രിയിലെ ന്യൂറോളജി വിഭാഗം നേതൃത്വം നൽകുന്ന ആറ് മാസത്തോളം നീണ്ടു നിൽക്കുന്ന പരിപാടികൾക്കാണ് തുടക്കമായത്.
സമയമാണ് സ്‌ട്രോക്ക് പരിചരണത്തിൽ ഏറ്റവും നിർണായക ഘടകമെന്നും കൃത്യമസയത്ത് വിദഗ്‌ദ്ധ ചികിത്സ ഉറപ്പാക്കുന്നതിലൂടെ രോഗം ഭേദമാക്കാൻ സാധിക്കുമെന്നും കിംസ് ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു.
കിംസ്‌ഹെൽത്തിൽ നടന്ന ചടങ്ങിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്.സി ക്യാപ്റ്റൻ പാട്രിക് മോത്ത, താരങ്ങളായ മാർക്കോസ് വൈൽഡർ, സീസൺ സെൽവൻ, മുഹമ്മദ് ഷാഫി എന്നിവർ ചേർന്ന് കാമ്പയ്ൻ ഉദ്ഘാടനം ചെയ്തു. ഫുട്‌ബോളിലെന്ന പോലെ കൃത്യമായൊരു ദിനചര്യയും ഭക്ഷണരീതിയും പിന്തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബ്രസീലിയൻ താരമായ പാട്രിക് മോത്ത സംസാരിച്ചു.
ദിവസവും അര മണിക്കൂറെങ്കിലും നടക്കുകയോ മറ്റ് കായികവിനോദങ്ങളിൽ ഏർപ്പെടുന്നതോ ശീലമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അനുദിനം വർധിച്ചു വരുന്ന സ്ട്രോക്ക് രോഗികളുടെ എണ്ണം മുൻനിർത്തി, പൊതുജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്ന് കാമ്പയ്ൻ ലോഗോ അനാവരണം ചെയ്ത് താരങ്ങൾ പറഞ്ഞു.
ന്യൂറോ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ക്ലിനിക്കൽ ലീഡുമായ ഡോ. സന്തോഷ് ജോസഫ്, ന്യൂറോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. സുരേഷ് ചന്ദ്രൻ സി.ജെ എന്നിവർ സ്‌ട്രോക്ക് ദിന സന്ദേശം നൽകി. ചടങ്ങിൽ ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ശ്യാംലാൽ എസ് സ്വാഗതവും എമർജൻസി വിഭാഗം കൺസൾട്ടന്റും ഗ്രൂപ്പ് ക്ലിനിക്കൽ ആൻഡ് അക്കാഡമിക് കോർഡിനേറ്ററുമായ ഡോ. ഷമീം കെ.യു നന്ദിയും അറിയിച്ചു.