ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. വളരെ ഗംഭീരമായാണ് രാജ്യത്ത് ദീപീവലി ആഘോഷിക്കുന്നത്. മൺചെരാതുകളിൽ പ്രകാശം പരത്തി അന്ധകാരത്തെ ഇല്ലതെയാക്കുകയാണ് ദീപാവലി ദിവസത്തിൽ. ഭാരതത്തിന്റെ പൈതൃകം വിളച്ചോതുന്ന ആഘോഷമാണെങ്കിലും ലോകത്തിന്റെ വിവിധ കോണുകളിൽ ദീപാവലി ആഘോഷിക്കപ്പെടുന്നു. ലോകരാജ്യങ്ങളിലെ ദീപാവലി ആഘോഷങ്ങളെ കുറിച്ചറിയാം..
ശ്രീലങ്ക
ഭാരതത്തിലെ പോലെ തന്നെ വളരെ പ്രാധാന്യത്തോടെയാണ് ശ്രീലങ്കയിലും ദീപാവലി ആഘോഷിക്കപ്പെടുന്നത്. രാജ്യത്തെ തമിഴ് ഹിന്ദു മതവിശ്വാസികളാണ് ദീപാവലി ആഘോഷിക്കുന്നത്. അന്നേ ദിനം ക്ഷേത്രദർശനം നടത്തുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ പോലെ തന്നെ അഞ്ച് ദിവസം ദീപാവലി ആഘോഷങ്ങൾ നടക്കും.
ദക്ഷിണാഫ്രിക്ക
ഇന്ത്യൻ സമൂഹം തന്നെയാണ് ഇവിടെയും ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഡർബനിലാണ് പ്രധാനമായും ആഘോഷങ്ങൾ നടക്കുന്നത്. ദീപങ്ങൾ തെളിച്ചും, പടക്കം പൊട്ടിച്ചും, സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചും ദീപാവലി ആഘോഷിക്കുന്നു.
നേപ്പാൾ
തിഹാർ എന്ന പേരിലാണ് നേപ്പാളിലെ ദീപാവലി ആഘോഷം അറിയപ്പെടുന്നത്. ഇന്ത്യക്ക് സമാനമായി അഞ്ച് ദിവസത്തെ ആഘോഷങ്ങളാണ് നടക്കുക. കാക്കകൾ, നായ്‌ക്കൾ, പശുക്കൾ തുടങ്ങിയ മൃഗങ്ങളെ ബഹുമാനിക്കുന്നു. അവസാന ദിവസം കുടുംബ ബന്ധങ്ങൾക്ക് ഊന്നൽ നൽകി സഹോദരങ്ങൾക്കായി സമർപ്പിക്കുന്നു.
മലേഷ്യ
ഹരി ദീപാവലി എന്നാണ് മലേഷ്യയിൽ ദീപാവലി അറിയപ്പെടുന്നത്. ക്ഷേത്ര ദർശനവും പ്രാർത്ഥനകളും പൂജകളും എല്ലാം മലേഷ്യയിലെ ദീപാവലി ആഘോഷത്തിനുണ്ടെങ്കിലും ഇവിടത്തെ പോലെ വെടിക്കെട്ട് ഇവിടെയില്ല. മധുരം നല്കുന്നതും സമ്മാനങ്ങൾ കൈമാറുന്നതു പോലുള്ള ആചാരങ്ങളും കൂടിച്ചേരലുകളും ഹരി ദീപാവലിയുടെ പ്രത്യേകതയാണ്.
യുകെ
ലെസ്റ്റർ സിറ്റിയിലാണ് ദീപാവലി ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ദീപം തെളിക്കുകയും മധുരം കൈമാറുകയും ചെയ്യുന്നു. ഇതിന് പുറമേ വിവിധയിടങ്ങളിൽ നൃത്തപരിപാടികളും മറ്റും സംഘടിപ്പിക്കാറുണ്ട്.
മൗറീഷ്യസ്
ഇന്ത്യയിലേത് പോലെയാണ് ഇവിടെയും ദീപാവലി കൊണ്ടാടുന്നത്. ലക്ഷ്മി ദേവിക്ക് പ്രത്യേക പ്രാർത്ഥന നടത്തുകയും ചെരാതുകളിൽ ദീപം തെളിക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്യുന്നു. ദീപാവലിക്ക് മൗറീഷ്യസിൽ പൊതു അവധിയാണ്.
സിംഗപ്പൂർ
ലിറ്റിൽ ഇന്ത്യ ജില്ലയിലാണ് സിംഗപ്പൂരിലെ ദീപാവലി ആഘോഷിക്കപ്പെടുന്നത്. ക്ഷേത്ര സന്ദർശനവും പ്രാർത്ഥനയും നടത്തുന്നു. അന്നേ ദിനം പൊതു അവധിയാണ്.
ഫിജി
ദേശീയോത്സവത്തിന് സമാനമായാണ് ഫിജിയിൽ ദീപാവലി ആഘോഷിക്കുന്നത്. ദീപം തെളിച്ച് ആളുകൾ ഒത്തുകൂടുന്നു.
ഗയാന
ഇൻഡോ-ഗയാനീസ് സമൂഹം ദീപാവലി ഭക്തിയോടെ ആചരിക്കുന്നു. ദീപം കത്തിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു.