തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും അനാവശ്യ ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. ഈ വർഷം ജൂലൈ 11ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ ചരക്ക് കപ്പലായ സാൻ ഫെർണാണ്ടോ എത്തിയതിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് പ്രചാരണം നൽകുന്നതിനായി 1.61 കോടി രൂപയാണ് പിണറായി സർക്കാർ ചെലവഴിച്ചത്. ശമ്പളവും, പെൻഷനുകൾ, ബില്ലുകളിലെ തീർപ്പാക്കൽ എന്നിവയ്‌ക്കായി പണമില്ലെന്ന് നാഴികയ്‌ക്ക് നാൽപ്പത് വട്ടം പറയുന്നതിനിടെയാണ് അനാവശ്യ ചെലവുകൾ തുടരുന്നത്.
പത്രത്തിൽ പരസ്യം നൽകുന്നതിനായി 1.27 കോടി രൂപയും, തീയേറ്റർ പ്രമോഷനുകൾക്ക് 19 ലക്ഷവും, സോഷ്യൽമീഡിയ ക്യാമ്പെയ്‌നുകൾക്കായി 6.87 ലക്ഷവും, ടെംപററി സൈനേജുകൾക്ക് 6.87 രൂപയും, ബ്രോഷറുകൾ അച്ചടിക്കാൻ 1.03 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്. സംസ്ഥാന സർക്കാരിന്റെ നേട്ടമെന്ന രീതിയിലാണ് ഈ പ്രചാരണം നടത്തിയത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സമയത്ത് ഈ ചെലവുകൾ ധൂർത്താണെന്നുമുള്ള വിമർശനവും ഇതോടെ ശക്തമായിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ട്രഷറി നിയന്ത്രണം ഉൾപ്പെടെ സർക്കാർ നടപ്പാക്കുന്നുണ്ട്. ചെറിയ പണമിടപാടുകൾക്ക് പോലും ഇപ്പോൾ വലിയ കാലതാമസം ഉണ്ടാകുന്ന സാഹചര്യമാണ് ഉള്ളത്. പദ്ധതി ഫണ്ടുകൾ 50 ശതമാനം വെട്ടിക്കുറയ്‌ക്കാനുൾപ്പെടെ സർക്കാർ തീരുമാനിച്ചിരുന്നു. വികസന പദ്ധതികൾക്കുള്ള ഫണ്ട് ലഭ്യമാകുന്നതിലും ഇതോടെ കുറവ് വരുന്നുണ്ട്.
10 കോടിയിലധികം ചെലവ് വരുന്ന എല്ലാ പ്രോജക്ടുകളെ കുറിച്ച് അടുത്തിടെ അവലോകന യോഗം നടത്തിയിരുന്നു. സാമ്പത്തിക പ്രതിസന്ധി എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണ് ഈ നീക്കമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. അവശ്യസേവനങ്ങൾക്ക് പോലും ആവശ്യത്തിന് പണം തികയാത്ത ഘട്ടത്തിൽ സർക്കാർ പിആർ പരിപാടിക്ക് വേണ്ടി എന്തിനാണ് ഇത്രത്തോളം പണം ചെലവഴിക്കുന്നത് എന്ന ചോദ്യവും ശക്തമാണ്.