തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നന്ദൻകോട് ആസ്ഥാനത്തെ ഹിന്ദുമത വേദാനന്ത സംസ്കൃത പാഠശാല അടച്ചുപൂട്ടിയിട്ട് വർഷങ്ങൾ. ദേവസ്വം ബോർഡ് ഫണ്ട് അനുവദിക്കാത്താണ് മതപാഠശാലയുടെ പ്രവർത്തനം നിലയ്‌ക്കാൻ കാരണമായത്. വേദവും സംസ്കൃതവും പഠിപ്പിക്കേണ്ട പാഠശാല ഇന്ന് പാഴ്വസ്തുക്കൾ സൂക്ഷിക്കുന്ന ഇടമാണ്.
1950ലാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് ആരംഭിച്ചത്. ഏതാണ്ട് അതേ സമയത്ത് തന്നെ മതപാഠശാലയും പ്രവർത്തനം തുടങ്ങിയിരുന്നു. വേദാന്തങ്ങളും പുരാണങ്ങളും ഇതിഹാസങ്ങളും അടക്കം ഇവിടെ അഭ്യസിപ്പിച്ചിരുന്നു.
ഇതിന് ചേർന്നാണ് ഇപ്പോൾ ക്യാന്റീൻ പ്രവർത്തിക്കുന്നത്. നിലവിൽ ക്യാന്റീനിലെ പഴയ പാത്രങ്ങളും കസേരയും മേശയും മറ്റ് ഉപയോഗശൂന്യമായ വസ്തുക്കളുമാണ് ഈ കെട്ടിടത്തിൽ സൂക്ഷിച്ചിരിക്കുന്നത്. വർഷങ്ങളായി അടച്ചുപൂട്ടിയിട്ടും മതപാഠശാല എന്ന ബോർഡ് മാത്രം ഇപ്പോഴും ഇവിടെയുണ്ട്.
സംസ്ഥാനത്ത് എറ്റവും വലിയ ദേവസ്വമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ബോർഡിന്റെ പ്രധാന ധർമ്മം ക്ഷേത്രങ്ങളുടെ സംരക്ഷണമാണ്. ഒപ്പം ക്ഷേത്രം സംബന്ധമായ ആചാരവിധികളും പൂജാവിധികളും പഠിപ്പിക്കാനുള്ള ഉത്തരവാദിത്തവും ബോർഡിനുണ്ട്. നന്ദൻകോട് ആസ്ഥാനത്ത് വെച്ച് നടത്തിയ കഴിഞ്ഞ പത്രസമ്മേളനത്തിലും മതപാഠശാലകൾ ആരംഭിക്കുമെന്ന് പ്രസിഡന്റ് ആവർത്തിച്ചിരുന്നു. അതേ സ്ഥലത്ത് തന്നെയാണ് ഈ മതപാഠശാലയെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം.















