ധാക്ക : ജമാ അത്തെ ഇസ്ലാമിയുടെയും ബി എൻ പി യുടെയും സമ്മർദ്ദത്തിന് വഴങ്ങി 20 മുതിർന്ന മാദ്ധ്യമപ്രവർത്തകരുടെ പ്രസ് അക്രഡിറ്റേഷൻ കാർഡുകൾ ബംഗ്ലാദേശ് ഇടക്കാല സർക്കാർ റദ്ദാക്കി
മത മൗലിക വാദികൾക്കെതിരെ കടുത്ത നിലപാടുകൾ എടുത്തവർ മുതൽ താരതമ്യേന നിഷ്പക്ഷ നിലപാടുകൾ എടുത്തവർ വരെ ഇങ്ങിനെ പ്രസ് അക്രഡിറ്റേഷൻ കാർഡുകൾ റദ്ദാക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.
അവാമി ലീഗുമായി ബന്ധമുണ്ടെന്നുള്ള ആരോപണത്തെ തുടർന്നാണ് 20 മാദ്ധ്യമപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും പ്രസ് അക്രഡിറ്റേഷൻ കാർഡുകൾ ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെൻ്റ് റദ്ദാക്കിയതെന്നു ബംഗ്ലാദേശി മാദ്ധ്യമങ്ങൾ റിപോർട്ട് ചെയ്യുന്നു. ഈ വിഷയം അറിയിച്ചു കൊണ്ട് ചീഫ് ഇൻഫർമേഷൻ ഓഫീസർ (ആക്ടിംഗ്) എംഡി നിസാമുൽ കബീർ ഒപ്പിട്ട ഒരു കത്ത് ഇന്നലെ ബന്ധപ്പെട്ട വ്യക്തികൾക്ക് അയച്ചു.പ്രസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബംഗ്ലാദേശ് (പിഐബി) മുൻ ഡയറക്ടർ ജനറൽ സഫർ വാസെദ്, ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷനിലെ മുൻ പ്രസ് മന്ത്രി ഷബാൻ മഹ്മൂദ്, എന്നിവർ നടപടി നേരിട്ട മാദ്ധ്യമപ്രവർത്തകരിൽ പെടുന്നു.
പ്രസ് അക്രഡിറ്റേഷൻ പോളിസിയുടെ 6.9, 6.10, 9.5, 9.6 വകുപ്പുകൾ പ്രകാരം കാർഡുകൾ റദ്ദാക്കിയതായി അറിയിപ്പിൽ പറയുന്നു. ഈ വ്യക്തികൾക്ക് ഇൻഫർമേഷൻ ഡിപ്പാർട്ട്‌മെൻ്റ് മുമ്പ് നൽകിയിരുന്ന സ്ഥിരവും താത്കാലികവുമായ കാർഡുകൾ റദ്ദാക്കിയിട്ടുണ്ട്.
ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച ശേഷം ബംഗ്ലാദേശിൽ തുടരുന്ന ഭരണഘടനാ വിരുദ്ധ നടപടികളുടെ തുടർച്ചയായിട്ടാണ് ഇതുമെന്നാണ് വിലയിരുത്തുന്നത്.















