സംവിധായകന്മാരിൽ നിന്ന് വളരെ മോശം അനുഭവങ്ങൾ ഉണ്ടാകാറുണ്ടെന്ന് നടൻ മനു ലാൽ. മാന്യമായി സംസാരിക്കാനുള്ള കനിവെങ്കിലും സംവിധായകന്മാർ കാണിക്കണമെന്നും തന്നെ പോലെ കഷ്ടപ്പെടുന്ന ധാരാളം കലാകാരന്മാർ ഇവിടെയുണ്ടെന്നും മനു ലാൽ പറഞ്ഞു. പുതിയ സിനിമയായ 1000 ബേബീസിന്റെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
ഒരുപാട് സംവിധായകന്മാരെ ഞാൻ നേരിട്ട് പോയി കണ്ട് ചാൻസുകൾ ചോദിച്ചിട്ടുണ്ട്. ഒരു സംവിധായകനെ വിളിച്ചപ്പോൾ വളരെ മോശമായാണ് അയാൾ എന്നോട് സംസാരിച്ചത്. ‘നിന്നോടല്ലെ പട്ടി എന്നെ വിളിക്കരുത് എന്ന് പറഞ്ഞത്’ എന്നായിരുന്നു ഫോൺ എടുത്തയുടനെയുള്ള അയാളുടെ മറുപടി. ഞാൻ അതൊന്നും റെക്കോർഡ് ചെയ്യാൻ പോയില്ല. എന്നിട്ടും ഞാൻ അയാളോട് മാന്യമായാണ് പെരുമാറിയത്. അയാൾ ഇപ്പോഴും സിനിമ ചെയ്യുന്നു. അയാളുടെ ഒരുപാട് സിനിമകൾ വന്നിട്ടുണ്ട്. അതിൽ ഏതെങ്കിലും ഒരു വേഷം തരാമായിരുന്നു. പക്ഷേ അത് ചെയ്തില്ല.
നല്ല സിനിമകൾ വരുമെന്ന് തന്നെയാണ് എപ്പോഴും പ്രതീക്ഷിക്കുന്നത്. ഓരോ സിനിമ കഴിയുമ്പോഴും ഇതിനേക്കാൾ നല്ലത് വരുമെന്ന് ഞാൻ വിചാരിക്കും. ഞാൻ ഇതുവരെയും സിനിമയ്‌ക്കുള്ളിലേക്ക് വന്നിട്ടില്ല. ഞാൻ ഒറ്റയ്‌ക്കാണ് ഇവിടെ വരെ എത്തിയത്. കൊവിഡ് കാലത്ത് ഒരുപാട് പെട്ട് നിൽക്കുന്ന അവസ്ഥയായിരുന്നു. ആ സമയത്ത് ഒരുപാട് സംവിധായകന്മാരെ ഞാൻ വിളിച്ചിട്ടുണ്ട്. മലയാള സിനിമയിലെ പ്രമുഖരായ ആൾക്കാരെ തന്നെയാണ് വിളിച്ചത്. പക്ഷേ, ആരെന്ന് ചോദിക്കാൻ പോലും അവരാരും എന്റെ ഫോൺ എടുത്തിട്ടില്ല.
ഒരു ദിവസം അതിലൊരാൾ എന്നെ വിളിച്ചു. ഇപ്പോൾ സിനിമയൊന്നുമില്ല. വേണമെങ്കിൽ സീരിയൽ ചെയ്യാമെന്ന് പറഞ്ഞു. സീരിയലിലാണെങ്കിൽ ഒരു വേഷമുണ്ട്. നിങ്ങളുടേതാണ് തീരുമാനമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. കാലം പഴയത് പോലെ ആയി. ഇപ്പോഴും അയാൾ എന്റെ ഫോൺ എടുക്കാറില്ല. എല്ലാവരും ഇങ്ങനെ ചെയ്താൽ പിന്നെ എന്നെ പോലുള്ളവർ എങ്ങനെ സിനിമയിലേക്ക് വരും. മുന്നിലേക്ക് വരാനായി കഷ്ടപ്പെടുന്ന ഒരുപാട് കലാകാരന്മാർ ഇപ്പോഴുണ്ട്. തന്റെ സിനിമകളെ ഓർത്തും വന്ന വഴികൾ ഒർത്തും സ്വയം വേദനിക്കുന്ന ആളാണ് താനെന്നും മനു ലാൽ പറഞ്ഞു.















