കോഴിക്കോട്; കാലിക്കറ്റ് സർവ്വകലാശാലയിൽ തനിക്കെതിരെ പ്രതിഷേധം നടത്തിയ എസ്എഫ്‌ഐയ്‌ക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. എസ്എഫ്‌ഐ പ്രതിഷേധം നടത്തട്ടെ ഞാൻ അത് ആസ്വദിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. ആരോഗ്യ സർവ്വകലാശാല വിസിയായി മോഹൻ കുന്നുമ്മലിന് പുനർ നിയമനം നൽകിയതിനെതിരെ ആയിരുന്നു പ്രതിഷേധം.
യൂണിവേഴ്‌സിറ്റിയിൽ സനാതന ധർമപീഠം കെട്ടിടനിർമാണ ശിലാസ്ഥാപനം നിർവ്വഹിക്കാൻ എത്തിയതായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. വിദ്യാർത്ഥികൾ അല്ലാത്ത പലരും മുൻപ് സർവ്വകലാശാലയുടെ സൗകര്യങ്ങൾ യഥേഷ്ടം ആസ്വദിച്ച് വിഹരിച്ചിരുന്നു. എന്നാൽ ഇന്ന് അവർക്ക് അതിന് സാധിക്കുന്നില്ല. അതുകൊണ്ടാണ് ഈ പ്രതിഷേധങ്ങളെല്ലാം. സർവ്വകലാശാലകൾ പഠിക്കാനുളളതാണെന്നും അല്ലാതെ രാഷ്‌ട്രീയ നഴ്‌സറിയായി മാറ്റാനുളളതെല്ലെന്നും ഗവർണർ പറഞ്ഞു.
സംഘി ചാൻസിലർ ഗോ ബാക്ക് എന്ന ബാനറുമായിട്ടാണ് എസ്എഫ്‌ഐ പ്രതിഷേധത്തിന് എത്തിയത്. പ്രതിഷേധങ്ങൾ നല്ലതാണ്, അത് ഞാൻ ആസ്വദിക്കുന്നുമുണ്ട്. ഒരു കാര്യത്തിന് മാത്രമേ ഞാൻ എതിർക്കുന്നുളളൂ അത് സംഘർഷത്തെയാണ്. ബാനറിനെക്കുറിച്ച് സൂചിപ്പിച്ചപ്പോൾ അതൊന്നും തനിക്ക് ഒരു പ്രശ്‌നമല്ലെന്ന് ആയിരുന്നു ഗവർണറുടെ മറുപടി. അംഗീകരിക്കാനാകാത്ത ഒരു കാര്യമേയുളളൂ സംഘർഷം. ഒരു ജനാധിപത്യരാജ്യത്ത് അത് അംഗീകരിക്കാനാകില്ല.
അവർ എന്റെ വാഹനത്തിൽ വടികൊണ്ട് ഇടിച്ചപ്പോഴാണ് അന്ന് താൻ കാറിൽ നിന്ന് പുറത്തിറങ്ങി വന്നത്. കാറിൽ തല്ലണ്ട എന്നെ തല്ലിക്കോളാൻ പറഞ്ഞു. അവർക്ക് പ്രതിഷേധിക്കാനുളള എല്ലാ അവകാശവും ഉണ്ട്. അവരുടെ വേദന എനിക്ക് മനസിലാകും. അവരോട് സഹതാപം പ്രകടിപ്പിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.















