കണ്ണൂർ: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായുന്ന സഹോദരങ്ങൾ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മന്ന ഹിദായത്ത് നഗർ സ്വദേശികളായ സാഹിർ (40), അനുജൻ അൻവർ (36) എന്നിവരാണ് മരിച്ചത്. സാഹിർ ഇന്നലെയും അൻവർ ഇന്നുമാണ് മരണപ്പെട്ടത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഇരുവരും.
ഇവരുടെ കുടുംബാംഗങ്ങളും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിയുകയാണ്. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. തളിപ്പറമ്പിലെ പ്രമുഖ വ്യാപാരിയായിരുന്ന പി.സി.പി.മഹമ്മൂദ്ഹാജിയുടെയും ആമിനയുടെയും മക്കളാണ്.
ഏതാനും ദിവസം മുമ്പ് കോഴിക്കോട് നിന്നും കുടുംബസമേതം ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. അതിന് ശേഷമായിരുന്നു മഞ്ഞപ്പിത്തം ബാധിച്ചത്. ഹിദായത്ത് നഗറിൽ കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ പതിനഞ്ചോളം പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. തുടർന്ന് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് ബോധവത്കരണം നടത്തിയിരുന്നു.















