ന്യൂഡൽഹി: ജനനവും മരണവും രജിസ്റ്റർ ചെയ്യുന്ന നടപടികൾ കൂടുതൽ എളുപ്പത്തിലാക്കാൻ മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ആപ്പ് പുറത്തിറക്കിയത്. സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം (CRS) എന്നാണ് മൊബൈൽ ആപ്പിന് പേരിട്ടിരിക്കുന്നത്. രജിസ്‌ട്രേഷൻ നടപടികൾക്കെടുക്കുന്ന സമയം കുറയ്‌ക്കാനും ഇത് സഹായകമാകും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ഡിജിറ്റൽ ഇന്ത്യ’ പദ്ധതിയുടെ ഭാഗമാണ് ഈ പുതിയ സംരംഭമെന്നും അമിത് ഷാ പറഞ്ഞു. “നരേന്ദ്രമോദിയുടെ ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാടിന് കീഴിൽ, പുതിയ സിവിൽ രജിസ്‌ട്രേഷൻ സിസ്റ്റം മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി,” അമിത് ഷാ എക്‌സിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു.
ഈ മൊബൈൽ ആപ്പിലൂടെ രാജ്യത്തെ പൗരന്മാർക്ക് ഏതുസമയത്തും എവിടെവച്ചും തങ്ങളുടെ മാതൃഭാഷയിൽ തന്നെ ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ സാധിക്കും. രജിസ്ട്രാർ ജനറൽ ഓഫ് സെൻസസ് കമ്മീഷണർ ഓഫ് ഇന്ത്യയാണ് രജിസ്ട്രേഷനായി മൊബൈൽ ആപ്പ് വികസിപ്പിച്ചത്.
പോസ്റ്റിനൊപ്പം ആപ്പിന്റെ ഇൻ്റർഫേസ് പ്രദർശിപ്പിച്ചുകൊണ്ട് ഇന്ത്യൻ രജിസ്ട്രാർ ജനറലിൽ നിന്നുള്ള ഒരു ഹ്രസ്വ വീഡിയോയും അദ്ദേഹം പങ്കിട്ടു. CRS മൊബൈൽ ആപ്പ് വഴി രജിസ്‌ട്രേഷന്റെ ഡിജിറ്റൽ സർട്ടിഫിക്കറ്റ് ലഭ്യമാക്കാനും ലെഗസി റെക്കോർഡുകളുടെ ഓൺലൈൻ ഡിജിറ്റലൈസേഷൻ സാധ്യമാക്കാനും കഴിയും. ആപ്പിന്റെ പ്രവർത്തനത്തിനും പരിപാലനത്തിനുമായി സംസ്ഥാനങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യതകൾ ഉണ്ടാകില്ലെന്നും കേന്ദ്രം ഉറപ്പുനൽകുന്നു.
Under PM Shri @narendramodi Ji’s Digital India vision to integrate technology with governance, launched the Civil Registration System mobile application today.
This application will make registration of births and deaths seamless and hassle-free by allowing citizens to register… pic.twitter.com/6VFqmIQXL9
— Amit Shah (@AmitShah) October 29, 2024















