സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം കങ്കുവയിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘തലൈവനെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. 17 ഗായകർ ചേർന്നാണ് ആലപിച്ചിരിക്കുന്നതെന്ന പ്രത്യേകതയും ഈ ഗാനത്തിനുണ്ട്. ദേവി ശ്രീ പ്രസാദാണ് സംഗീതം ഒരുക്കിയത്.
സിരുത്തൈ ശിവയുടെ സംവിധാനത്തിലൊരുങ്ങുന്ന ഫാന്റസി- ആക്ഷൻ ത്രില്ലർ ചിത്രമാണ് കങ്കുവ. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജ, യു വി ക്രിയേഷൻസിന്റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നവംബർ 14-നാണ് സിനിമ റിലീസ് ചെയ്യുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കുന്ന സീനുകൾ കോർത്തിണക്കിയതാണ് പുറത്തെത്തിയ ലിറിക്കൽ വീഡിയോ.
1000 വർഷങ്ങൾക്ക് മുമ്പുള്ള കാലഘട്ടത്തിലെ യോദ്ധാവായാണ് സൂര്യ ചിത്രത്തിൽ എത്തുന്നത്. കങ്കുവയുടേതായി പുറത്തുവന്ന ക്യാരക്ടർ പോസ്റ്ററുകളും ഏറെ ശ്രദ്ധ നേടിയിരുന്നു. ദിഷ പഠാനി നായികയാകുന്ന ചിത്രത്തിൽ ബോബി ഡിയോളാണ് പ്രതിനായക വേഷത്തിൽ എത്തുന്നത്.
ഒന്നരവർഷത്തോളം സമയമെടുത്താണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. പിരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രത്തിൽ അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്. സൂര്യയുടെ കരിയറിലെ ബിഗ് ബജറ്റ് ചിത്രങ്ങളിൽ ഒന്നായിരിക്കും കങ്കുവ എന്നാണ് വിലയിരുത്തൽ.