ആഘോഷവേളകളിൽ അണിഞ്ഞൊരുങ്ങി നടക്കാൻ ആഗ്രഹിക്കാത്തവർ ആരുമില്ല. ഒരു മേക്കപ്പും ചെയ്തില്ലെങ്കിലും കണ്ണിൽ കരി വരയ്‌ക്കാതെ പുറത്തിറങ്ങുന്ന പെൺകുട്ടികളില്ല. കാലം മാറിയതിനനുസരിച്ച് കണ്മഷിയുടെയും രൂപവും ഭാവവും മാറി. ഇന്ന് പല പ്രമുഖ ബ്രാൻഡുകളുടെയും കെമിക്കലുകൾ അടങ്ങിയ കാജൽ സ്റ്റിക്കുകൾ വിപണിയിൽ ലഭ്യമാണ്. പലരും ഇതുവാങ്ങി ഉപയോഗിക്കുന്നവരുമാണ്. എന്നാൽ ഈ ദീപാവലിക്ക് വീട്ടിൽ തന്നെ നമുക്ക് ആവശ്യമായ കണ്മഷി നിർമ്മിച്ചാലോ
ആവശ്യമായ വസ്തുക്കൾ
1. നെയ്യ്/കടുകെണ്ണ- 2 ടേബിൾസ്പൂൺ
2. കോട്ടൺ തുണി തിരി -3 എണ്ണം
3. മൺവിളക്ക്
4. സ്റ്റീൽ പ്ലേറ്റ്
5. സ്പൂൺ
6. അരിച്ചെടുക്കാനുള്ള തുണി
തയ്യാറാക്കുന്നതിങ്ങനെ..
മൺവിളക്കിൽ ഏകദേശം മുക്കാൽ ഭാഗം വരെ നെയ്യോ കടുകെണ്ണയോ നിറയ്‌ക്കുക. അതിനുള്ളിലേക്ക് കോട്ടൺ തിരി വയ്‌ക്കുക. തിരി എണ്ണയിൽ നന്നായി കുതിർന്നുവെന്ന് ഉറപ്പാക്കണം. ഇതിനുശേഷം വിളക്ക് കത്തിക്കാം. ആളിക്കത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ സമയത്ത് കരി രൂപപ്പെടാൻ തുടങ്ങും.
ഒരു സ്റ്റീൽ പ്ലേറ്റ് വിളക്കിനുമുകളിൽ പിടിച്ച് ഉയർന്നുവരുന്ന കറുത്ത പുക ശേഖരിക്കണം. 10 -15 മിനിറ്റുകൾക്കുള്ളിൽ പ്ലേറ്റിൽ കറുത്ത നിറത്തിലുള്ള പദാർത്ഥം അടിഞ്ഞുകൂടും. ഇത് ഒരു സ്പൂൺ ഉപയോഗിച്ച് വൃത്തിയുള്ള മറ്റൊരു പാത്രത്തിലേക്ക് മാറ്റണം. ചെറിയ തരികളാണ് ആവശ്യമെങ്കിൽ ഒരു തുണി ഉപയോഗിച്ച് അരിച്ചെടുക്കാം. കണ്മഷി റെഡി ആയിക്കഴിഞ്ഞു. ഇത് വായു കടക്കാത്ത ചെറിയ ഗ്ലാസ് ബൗളിലാക്കി സൂക്ഷിക്കാം. അലർജി ഉണ്ടോയെന്ന് ഉറപ്പാക്കുന്നതിനായി കണ്ണിൽ വരുന്നതിന് മുൻപ് കയ്യിലെ ചർമ്മത്തിൽ ഒരു പാച്ച് ടെസ്റ്റ് നടത്തുന്നത് നല്ലതാണ്.















